'മേയറാക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു, ഇല്ലെന്ന് പറഞ്ഞ് ഞാൻ കൈകൂപ്പി'; ലാലി ജെയിംസ്

Saturday 27 December 2025 8:39 AM IST

തൃശൂർ: തൃശൂർ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ​ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് കൗൺസിലർ ലാലി ജെയിംസ്. മേയർ പദവി ലഭിക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അദ്ധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പിയെന്നും ലാലി ജെയിംസ് പറഞ്ഞു.

മേയറാക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആദ്യഘട്ട ച‍ർച്ചകളിൽ തന്റെ പേരായിരുന്നു. അവസാനം വരെ കാത്തിരിക്കാൻ തന്നോട് പറഞ്ഞത് മുതിർന്ന കോൺ​ഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണനാണെന്നും ലാലി ജെയിംസ് പറഞ്ഞു. നമസ്തേ കേരളത്തിലാണ് ലാലി ജെയിംസിന്റെ ​ഗുരുതര ആരോപണം. ഇന്നലെയാണ് തൃശൂരിൽ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റത്. മേയർ പദവി ലഭിക്കാത്തതിൽ ലാലി ജെയിംസ് അതൃപ്തി രേഖപ്പെടുത്തി രം​ഗത്തെത്തിയിരുന്നു.

'വളരെ സന്തോഷത്തോടെയാണ് സസ്പെൻഷൻ വാ‍ർത്ത കേട്ടത്. മാദ്ധ്യമങ്ങൾ മുഖേനയാണ് വിവരം അറിഞ്ഞത്. എനിക്ക് സസ്പെൻഷനുമായി ബന്ധപ്പെട്ട് ഒരു അറിവും ലഭിച്ചിട്ടില്ല. എന്നെ വിളിച്ച് കാരണം കാണിക്കൽ നോട്ടീസ് തന്ന് സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്. ഡിസിസി പ്രസിഡന്റിന്റെ പക്വതയില്ലായ്‌മ കോൺ​ഗ്രസ് പാർട്ടിക്ക് അത്രത്തോളം ഉപകരിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹം ആദ്യമായാണ് ഡിസിസി പ്രസിഡന്റ് ആവുന്നത്. നേരത്തെ ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവായിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കണമായിരുന്നു. എന്റെ വേദനയും പ്രതിഷേധവും വെറും സ്ഥാനമോഹി എന്ന നിലയിലല്ല. അനീതിക്കെതിരെ ശക്തമായി പോരാടുന്ന ഞാൻ ഇവിടെ അനീതി നടന്നുവെന്നത് പൊതുജനങ്ങളെ അറിയിക്കുകയായിരുന്നു' - ലാലി ജെയിംസ് പറഞ്ഞു.