പോറ്റിയും പിണറായിയും ഒരുമിച്ചുള്ള ചിത്രം; മുതിർന്ന കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ, കലാപാഹ്വാനത്തിന് കേസ്

Saturday 27 December 2025 10:03 AM IST

കോഴിക്കോട്: ശബരിമല സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻപോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുനിൽക്കുന്ന എഐ നിർമ്മിത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കേസിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേ ചോദ്യംചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതിനെത്തുടർന്നാണ് ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനത്തിന് പൊലീസ് സുബ്രഹ്മണ്യനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത സുബ്രഹ്മണ്യനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.

താൻ പങ്കുവച്ചത് എഐ ചിത്രമല്ലെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. പങ്കുവച്ചത് യഥാർത്ഥ ചിത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്നെടുത്ത ചിത്രമാണിതെന്നുമാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷ പ്രവർത്തനത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പോസ്റ്റ് പിൻവലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി. പൊലീസ് അറസ്റ്റുചെയ്യുമോ എന്നറിയില്ലെന്നും അറസ്റ്റുചെയ്താൽ സന്തോഷത്തോടെ ജയിലിൽ പോകുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.

പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയാണ് ഇരുവരും ഒന്നിച്ചുനിൽക്കുന്ന ചിത്രം പോസ്റ്റുചെയ്തത്. ചിത്രം പുറത്തുവന്നതോടെ ഇത് എഐ നിർമ്മിതമാണെന്നുപറഞ്ഞ് സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരു ഔദ്യോഗിക ചടങ്ങിൽ ഒപ്പം നിൽക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വീഡിയോയിൽ ഉണ്ടായിരുന്നു.