ഐപിഎല്ലിലെ തിളക്കമോ കോടികളോയില്ല, വിജയ് ഹസാരെ ട്രോഫിയിൽ രോക്കോയ്ക്ക് ലഭിക്കുന്ന ശമ്പളം എത്രയെന്ന് അറിയുമോ?
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. സെഞ്ച്വറിയും അദ്ധസെഞ്ച്വറിയും നേടി രോഹിത്തും കൊഹ്‌ലിയും മികച്ച ഫോമിലാണ്. ഐപിഎല്ലിലെ തിളക്കമോ കോടികളുടെ കരാറുകളൊന്നുമില്ലെങ്കിലും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂർണമെന്റുകളിൽ ഒന്നാണ് വിജയ് ഹസാരെ ട്രോഫി. ഇപ്പോഴിതാ ഇരുവർക്കും ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന പ്രതിഫലമാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാരുടെ അനുഭവസമ്പത്ത് പരിഗണിച്ചാണ് ബിസിസിഐ പ്രതിഫലം നിശ്ചയിക്കുന്നത്. 2025-26 സീസണിലെ കണക്കുകൾ പ്രകാരം 40ൽ അധികം മത്സരങ്ങൾ കളിച്ച മുതിർന്ന താരങ്ങൾക്ക് 60,000 രൂപയാണ് ഒരു മത്സരത്തിൽ നിന്നും ലഭിക്കുക.
രോകോ സഖ്യം 40ലധികം ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചവരായതിനാൽ ഒരു മത്സരത്തിന് 60,000 രൂപ വീതമായിരിക്കും ലഭിക്കുന്നത്. നിലവിൽ ദേശീയ ടീമിനായി ഒരു ഏകദിന മത്സരം കളിക്കുമ്പോൾ ഇവർക്ക് ലഭിക്കുന്നത് ആറ് ലക്ഷം രൂപയാണ്. ഇതിന്റെ പത്തിലൊന്ന് മാത്രമാണ് ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഫലം.
മാച്ച് ഫീസിന് പുറമെ യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്കും ബിസിസിഐ പണം നൽകും. മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നവർക്ക് 10,000 രൂപ അധികമായി ലഭിക്കും. ടൂർണമെന്റിലെ നോക്കൗട്ട് ഘട്ടങ്ങളിലും ഫൈനലിലും എത്തുന്ന ടീമുകൾക്ക് ലഭിക്കുന്ന വൻതുക താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായി വീതിച്ചു നൽകും. ഡൽഹിക്ക് വേണ്ടി കൊഹ്‌ലിയും മുംബയ്ക്ക് വേണ്ടി രോഹിത്തും കളത്തിലിറങ്ങുമ്പോൾ തുകയെക്കാൾ ഉപരി ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തിനാണ് ബിസിസിഐ പ്രാധാന്യം നൽകുന്നത്.