'നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവർ എല്ലാവരുടെയും ദാസൻ ആയിരിക്കണം'; വിവാദങ്ങൾക്ക് മറുപടിയുമായി തൃശൂർ മേയർ
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മേയർ ഡോ. നിജി ജസ്റ്റിൻ. കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് ഉയർത്തിയ ഗുരുതര ആരോപണങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നും നിജി ജസ്റ്റിൻ പറഞ്ഞു. പാർട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഗാന്ധിജിയുടെ സന്ദേശങ്ങളെയും ബൈബിളിനെയും ഉദ്ധരിച്ചുകൊണ്ടാണ് നിജി ജസ്റ്റിൻ വിവാദങ്ങൾക്ക് മറുപടി നൽകിയത്.
'വിനയം ഇല്ലാത്ത സേവനം സ്വാർത്ഥതയും അഹന്തയുമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം, നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയിരിക്കണം, തൃശൂരിലെ എല്ലാ ആളുകളുടെയും ദാസൻ ആയിരിക്കാനാണ് എനിക്ക് ആഗ്രഹം'- നിജി ജസ്റ്റിൻ പറഞ്ഞു.
നേരത്തെ, ലാലി ജെയിംസ് ഉയർത്തിയ ആരോപണങ്ങളിൽ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും പ്രതികരിച്ചിരുന്നു. ലാലി ജെയിംസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു പ്രതികരണം. കള്ളിമുണ്ടുടുത്ത് ടിവിഎസ് മോപ്പഡിൽ യാത്ര ചെയ്യുന്ന ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. തൃശൂർ മേയർ പദവി പണം വാങ്ങി വിറ്റെന്നും പണമില്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ഇന്നലെ ലാലി ജെയിംസ് ഉന്നയിച്ചിരുന്നത്.
മേയറാക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആദ്യഘട്ട ചർച്ചകളിൽ തന്റെ പേരായിരുന്നു. അവസാനം വരെ കാത്തിരിക്കാൻ തന്നോട് പറഞ്ഞത് മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണനാണെന്നും ലാലി ജെയിംസ് പറഞ്ഞു. നമസ്തേ കേരളത്തിലാണ് ലാലി ജെയിംസിന്റെ ഗുരുതര ആരോപണം. ഇന്നലെയാണ് തൃശൂരിൽ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റത്.