'പൊലീസിന്റേത് കാട്ടുനീതി, വീടുവളഞ്ഞ് പിടികൂടാൻ സുബ്രഹ്മണ്യൻ കൊലക്കേസ് പ്രതിയാണോ?'; കെ സി വേണുഗോപാൽ

Saturday 27 December 2025 10:51 AM IST

ന്യൂഡൽഹി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധം അറിയിച്ച് കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രി പിണറായി വിജയും ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണികൃഷ്‌ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവച്ചതിനാണ് സുബ്രഹ്മണ്യനെ പൊലീസ് വീടുവളഞ്ഞ് പിടികൂടിയത്. പൊലീസിന്റെ ഭാഹത്തുനിന്നുണ്ടായത് കാട്ടുനീതിയാണെന്ന് കെ സി കുറ്റപ്പെടുത്തി.

'ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണി ഒളിവിലായിരുന്നിട്ട് ഒരുപാട് നാളായല്ലോ. അയാളെ പിടിക്കാൻ പൊലീസിന് പറ്റിയോ. പൊലീസിനെ രാഷ്‌ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന നടപടിയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റി മുഖ്യമന്ത്രിക്കും കടകംപള്ളിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോ എല്ലാം എഐ ആണോ. സത്യങ്ങൾ വളച്ചൊടിക്കരുത്.

ഇനി അങ്ങനെയാണെങ്കിൽ തന്നെ വീട് വളഞ്ഞ് പിടികൂടാൻ കൊലക്കേസിലെ പ്രതിയാണോ അദ്ദേഹം. അതോ അദ്ദേഹം ഒളിവിൽപ്പോയിട്ടുണ്ടോ. എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിയമപരമായ നടപടിയെ ഞങ്ങൾ ചോദ്യംചെയ്യില്ല. പക്ഷേ, നിയമം എല്ലാവർക്കും ബാധകമാണ്. സുബ്രഹ്മണ്യന്റെ അറസ്റ്റിന്റെ കാര്യത്തിൽ പൊലീസ് കാണിച്ചിരിക്കുന്നത് കാട്ടുനീതിയാണ്. ഇരട്ടത്താപ്പാണ്. ഇതൊക്കെ കാണിച്ച് പേടിപ്പിച്ചാലൊന്നും സ്വർണക്കൊള്ള മറക്കാനാകില്ല' - കെ സി വേണുഗോപാൽ പറഞ്ഞു.

വിഷയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. 'കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഇനി ആരും സംസാരിക്കരുത്. പോസ്റ്റിടരുത്. മുഖ്യമന്ത്രിയോടൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ മാത്രം വലിയയാളാണോ ഉണ്ണികൃഷ്‌ണൻ പോറ്റി. അദ്ദേഹവുമായി ബന്ധമുള്ളതുകൊണ്ടല്ലേ ഉണ്ണികൃഷ്ണൻ പോറ്റി പങ്കെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയുടെ കയ്യിലേക്ക് ആംബുലൻസിന്റെ താക്കോൽ കൊടുക്കുന്നതല്ലേ നമ്മൾ വീഡിയോയിലൂടെ കണ്ടത്. സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമുള്ളു. ഇത് ഓർമയില്ല. കടകംപള്ളിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിന്നത് മുഖ്യമന്ത്രിക്ക് ഓർമയില്ലേ. ഇതെല്ലാം രാഷ്‌ട്രീയമായ പകപോക്കലാണ്. ഈ പ്രവർത്തിയിലൂടെയൊന്നും കോൺഗ്രസ് പ്രവർത്തകരുടെ വായ മൂടിക്കെട്ടാനാകില്ല.

ഞങ്ങൾ ശക്തമായി പ്രതിഷേധിക്കും. ജനങ്ങൾ പാഠം പഠിപ്പിച്ചിട്ടും അദ്ദേഹം പഠിക്കുന്നില്ല. രാജീവ് ചന്ദ്രശേഖർ മുമ്പ് പങ്കുവച്ച ചിത്രമാണ് സുബ്രഹ്മണ്യൻ ഇപ്പോൾ ഫേസ്‌ബുക്കിലിട്ടത്. പിന്നെ എന്തുകൊണ്ട് രാജീവ് ചന്ദ്രശേഖറെ അറസ്റ്റ് ചെയ്‌തില്ല. അത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടുകൊണ്ടാണ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നം മാറിയതും അമിത് ഷാ ഇടപെട്ടിട്ടാണ്. ഞങ്ങളെ നിശബ്‌ദരാക്കാമെന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട. ഇതിനെയെല്ലാം നിയമപരമായി തന്നെ നേരിടും' - രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.