'തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു'; സണ്ണി ജോസഫിന് പരാതി നൽകി ഉമ തോമസ്

Saturday 27 December 2025 11:50 AM IST

കൊച്ചി: എറണാകുളത്ത് കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു. ഉമ തോമസ് എംഎൽഎയാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയത്. തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെച്ചൊല്ലിയാണ് ഉമ തോമസും പാർട്ടി ജില്ലാ നേതൃത്വവും തമ്മിൽ തർക്കം രൂക്ഷമായത്. തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസ് എംഎൽഎയുടെ പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഉമ തോമസ് പരാതി നൽകി. കൗൺസിലർമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ രണ്ടുപേർക്കായി അദ്ധ്യക്ഷ സ്ഥാനം വീതം വയ്‌ക്കണമെന്നതാണ് ഉമ തോമസിന്റെ ആവശ്യം. എന്നാൽ, ഉമയുടെ ആവശ്യം ഡിസിസി നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. ഇതോടെയാണ് ഉമ കെപിസിസിക്ക് പരാതി നൽകിയത്. കൊച്ചി കോർപ്പറേഷനിൽ ഒരു നീതിയും തൃക്കാക്കരയിൽ മറ്റൊരു നീതിയും പറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ തോമസ്.

നേരത്തെ, കൊച്ചി കോർപറേഷനിൽ മേയറാകുമെന്ന് കരുതപ്പെട്ടിരുന്ന ദീപ്‌തി മേരി വർഗീസ് സ്ഥാനം ലഭിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെപിസിസിക്ക് ദീപ്‌തി പരാതി നൽകിയിരുന്നു. എന്നാൽ, പിന്നീട് പരസ്യ പ്രതിഷേധത്തിൽ നിന്ന് പിന്മാറി മേയർ തിരഞ്ഞെടുപ്പിലടക്കം ദീപ്‌തി സജീവമായി പങ്കെടുത്തു. മേയർ സ്ഥാനത്തേക്ക് പാർട്ടി തീരുമാനിച്ച വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയർപ്പിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിടുകയും ചെയ്തു.