തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ 'ഓപ്പറേഷൻ താമര', കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

Saturday 27 December 2025 12:13 PM IST

തൃശൂർ: ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിയുടെ ഓപ്പറേഷൻ താമര. തിരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയുമായി ചേർന്ന് മുന്നണി രൂപീകരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. സ്വതന്ത്ര അംഗം ടെസി ജോസ് കല്ലറയ്ക്കലാണ് പഞ്ചായത്ത് പ്രസിഡന്റ്. കോൺഗ്രസിൽ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച രണ്ട് സ്വതന്ത്രരുടെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകൾ ടെസി ജോസിന് ലഭിച്ചു. എൽഡിഎഫിന് 10 അംഗങ്ങളാണുള്ളത്.

കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള പഞ്ചായത്തായിരുന്നു മറ്റത്തൂർ. എന്നാൽ ഏറെനാളായി ഡിസിസി നേതൃത്വവും മറ്റത്തൂരിലെ പ്രാദേശിക നേതൃത്വവും തമ്മിൽ ഒരുതരത്തിലുള്ള അടുപ്പവുമില്ലായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. ഡിസിസി നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ പ്രാദേശിക നേതൃത്വം രംഗത്തിറക്കിയ സ്ഥാനാർത്ഥികൾ എട്ടുപേരും വിജയിച്ചു. പാർട്ടി വിമതരായി നിന്ന് രണ്ടുപേരും വിജയിച്ചു. പ്രാദേശിക നേതൃത്വത്തിനുമേൽ ഡിസിസിക്ക് നിയന്ത്രണം ഇല്ലാത്തതിനാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കോൺഗ്രസിനുമായില്ല.

ഇന്നുരാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു നാടകീയ നീക്കങ്ങൾ. വിജയിച്ച കോൺഗ്രസ് അംഗങ്ങളായ എട്ടുപേരും പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയും ബിജെപിയുമായി ചേർന്ന് പുതിയ മുന്നണി രൂപീകരിച്ച് അധികാരത്തിൽ എത്തുകയായിരുന്നു.

മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയോടും സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടും നേതൃത്വം കാണിച്ച നീതികേടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജി വച്ചത്.

കോൺഗ്രസ് അംഗങ്ങൾ മുഴുവൻ രാജിവച്ചതിനാൽ പാർട്ടി വിപ്പ് നൽകിയിരുന്നില്ല. എന്നാൽ, സംഭവത്തോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.