ഓസ്‌ട്രേലിയൻ മണ്ണിൽ 15വർഷത്തിന് ശേഷം ആദ്യ ജയം; മെൽബണിൽ രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ 'ബാസ്ബോൾ' വിപ്ലവം
മെൽബൺ: ആഷസ് പരമ്പരയിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് ആശ്വാസമായി മെൽബണിലെ ചരിത്ര വിജയം. നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം രണ്ടാം ദിനം തന്നെ മറികടന്നാണ് ഇംഗ്ലണ്ട് നാല് വിക്കറ്റിന്റെ ഉജ്ജ്വല വിജയം നേടിയത്. 2011 ജനുവരിക്ക് ശേഷം ഓസ്‌ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ട് നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്.
ഒന്നാം ഇന്നിംഗ്സിലെ 42 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്‌ട്രേലിയ വെറും 132 റൺസിനായിരുന്നു പുറത്തായത്. 46 റൺസെടുത്ത ട്രാവിസ് ഹെഡ് മാത്രമാണ് ഇംഗ്ലീഷ് ബൗളിംഗ് നിരയെ ചെറുത്തുനിന്നത്. 34 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ബ്രൈഡൻ കാഴ്സാണ് ആതിഥേയരെ തകർത്തത്. മൂന്ന് വിക്കറ്റെടുത്ത് ബെൻ സ്റ്റോക്സും തിളങ്ങി.
രണ്ടാം ഇന്നിംഗ്സിൽ 175 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ സാക് ക്രോളിയും (22) ബെൻ ഡക്കറ്റും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ബാസ്‌ബോൾ ശൈലിയിൽ തകർത്തടിച്ച ഓപ്പണർമാർ ഒന്നാം വിക്കറ്റിൽ 51 റൺസാണ് കൂട്ടിച്ചേർത്തത്. 40 റൺസുമായി മദ്ധ്യനിരയിൽ ജേക്കബ് ബെഥേൽ നിർണ്ണായക പ്രകടനം പുറത്തെടുത്തു. ബ്രൂക്ക് (18), സ്മിത്ത് (3) കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ സ്റ്റീവ് സ്മിത്ത് ആഷസ് ചരിത്രത്തിൽ അലൻ ബോർഡറുടെ റൺവേട്ട മറികടന്നത് മാത്രമാണ് നാലാം ടെസ്റ്റിൽ ഓസീസിന് അഭിമാനിക്കാവുന്ന ഏകകാര്യം. ആദ്യ മൂന്ന് ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ഈ വിജയം അഭിമാനപ്രശ്നമായിരുന്നു. ആദ്യ ദിനം 20 വിക്കറ്റുകൾ വീണ മെൽബണിൽ രണ്ടാം ദിനം ലഞ്ചിന് ശേഷമാണ് മത്സരം അവസാനിച്ചത്. ഇതോടെ പരമ്പരയിലെ സ്‌കോർ നില 3-1 ആയി. അവസാന ടെസ്റ്റ് സിഡ്നിയിൽ നടക്കും.