തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; ഒഴിവാക്കിയവരെ കണ്ടെത്താൻ സർക്കാർ, ഹെൽപ് ഡെസ്‌കുകൾ തുടങ്ങും

Saturday 27 December 2025 2:33 PM IST

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്ഐആർ) ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ് പുറപ്പെടുവിച്ചു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങാനാണ് തീരുമാനം. ഉന്നതികൾ, മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗണവാടി, ആശാ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും.

കേരളം ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവായത് മൂന്നുകോടി എഴുപത് ലക്ഷം വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തമിഴ്നാട്ടിലാണ്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. എന്നാൽ കോടതി ഇടപെടൽ ഉണ്ടായാൽ ഇത് വീണ്ടും നീണ്ടേക്കാം. അന്തിമ പട്ടിക കൂടി വന്ന ശേഷമേ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂയെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്നത്.

ബിഹാറിനുശേഷം കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ഉത്തർപ്രദേശൊഴികെ പതിനൊന്നിടത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് പൂർത്തിയായി. ഉത്തർപ്രദേശിൽ ഈ മാസം 31 വരെയാണ് ഇതിന് സമയം നൽകിയിരിക്കുന്നത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെ ഒഴിവാക്കിയുള്ള കരട് പട്ടികകളിലെ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കും.