പ്രവാസികളടക്കം ജാഗ്രത പാലിക്കണം; യുഎഇയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു

Saturday 27 December 2025 2:52 PM IST

അബുദാബി: മൂടൽമഞ്ഞ് കനക്കുന്നതിനാൽ രാജ്യത്തുടനീളം മങ്ങിയ അന്തരീക്ഷമായിരിക്കുമെന്നും യുഎഇയിലെ നാഷണൽ സെന്റർ ഒഫ് മെറ്റീരിയോളജി. തിരശ്ചീന ദൃശ്യപരത കുറയുമെന്നും ചില പ്രദേശങ്ങളിൽ കാഴ്‌ച വ്യക്തത വീണ്ടും കുറയാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് കണക്കിലെടുത്ത് ചില ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.

1000 മീറ്ററിൽ താഴെ ദൂരക്കാഴ്ചയ്ക്ക് കാരണമാകുന്ന മൂടൽമഞ്ഞ് രൂപപ്പെടുന്ന പ്രദേശങ്ങളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ചില ഭാഗങ്ങളിൽ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചതായി അബുദാബി പൊലീസ് അറിയിച്ചു.

അതേസമയം, തീരദേശ - വടക്കൻ പ്രദേശങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം. മണിക്കൂറിൽ 10-20 കിലോമീറ്റർ വേഗതയിൽ നിന്ന് മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽവരെ കാറ്റ് വീശാനിടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയതോ മിതമായതോ ആയ തിരമാലകളായിരിക്കും ഉണ്ടാവുക.

ദുബായിൽ 19 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലും, ഷാർജയിൽ 16 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലും, അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലും താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.