തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെയുള്ള ദൂരമെത്താൻ സെക്കൻഡുകൾ, ലോകത്തെ ഞെട്ടിച്ച് അതിവേഗ ട്രെയിൻ

Saturday 27 December 2025 3:01 PM IST

ബീജിംഗ്: അതിവേഗ റെയിൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിച്ചു കൊണ്ട് വീണ്ടും പുതു ചരിത്രം കുറിച്ചിരിക്കുയാണ് ചൈന. വെറും രണ്ട് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 700 കിലോമീറ്റർ വേഗത കൈവരിക്കുന്ന 'സൂപ്പർ കണ്ടക്റ്റിംഗ് ഇലക്ട്രിക് മാഗ്‌ലേവ്' ട്രെയിനാണ് ചൈന വിജയകരമായി പരീക്ഷിച്ചത്. അതായത് ഇതുപൊലെയൊരു ട്രെയിൻ നമ്മുടെ കേരളത്തിൽ എത്തിയാൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ എത്താൻ കഷ്ടിച്ച് ഒരു മണിക്കൂർ സമയം മതി.

ചൈനയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ വിസ്മയത്തിന് പിന്നിൽ. 400 മീറ്റർ നീളമുള്ള പ്രത്യേക ട്രാക്കിലായിരുന്നു പരീക്ഷണം നടന്നത്. ഏകദേശം ഒരു ടൺ ഭാരമുള്ള ട്രെയിൻ നിമിഷനേരം കൊണ്ടാണ് 700 കി.മീ വേഗതയിലെത്തുകയും തുടർന്ന് സുരക്ഷിതമായി മുന്നോട്ടു നീങ്ങുകയും ചെയ്ത്. കാന്തിക ബലമുപയോഗിച്ച് പാളത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന സാങ്കേതികവിദ്യയായതിനാൽ ട്രെയിനും ട്രാക്കും തമ്മിൽ നേരിട്ട് സമ്പർക്കമില്ല. ഇതിലൂടെ ഘർഷണം പൂർണ്ണമായും ഒഴിവാകുമെന്ന പ്രത്യേകതയുമുണ്ട്.

ട്രെയിനിനെ അതിവേഗത്തിൽ തള്ളിവിടാൻ ഉപയോഗിച്ച ഇലക്ട്രോമാഗ്നറ്റിക് ആക്സിലറേഷൻ സിസ്റ്റം അത്രമേൽ കരുത്തുറ്റതാണ്. ഭാവിയിൽ റോക്കറ്റുകൾ വിക്ഷേപിക്കാൻ പോലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നാണ് ഗവേഷകരുടെ അവകാശവാദം. പുതിയ സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നതോടെ നഗരങ്ങൾ തമ്മിലുള്ള ദൂരം മിനിട്ടുകൾക്കുള്ളിൽ മറികടക്കാൻ സാധിക്കും. ശൂന്യമായ ട്യൂബുകളിലൂടെ സഞ്ചരിക്കുന്ന 'ഹൈപ്പർലൂപ്പ്' സംവിധാനങ്ങൾക്കും നിലവിൽ നടന്ന പരീക്ഷണം കരുത്തേകും.

കഴിഞ്ഞ ജനുവരിയിൽ ഇതേ ട്രാക്കിൽ മണിക്കൂറിൽ 648 കിലോമീറ്റർ വേഗത ചൈന കൈവരിച്ചിരുന്നു. വർഷങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിലാണ് 700 കി.മീ എന്ന നാഴികക്കല്ലിലേക്ക് ചൈന എത്തിയത്. അതിവേഗ ഗതാഗത രംഗത്ത് ചൈനയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് പുതിയ പരീക്ഷണമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ലി ജി പറഞ്ഞു. കണ്ണിമ ചിമ്മുന്ന വേഗതയിൽ മിന്നിമറയുന്ന വെള്ളി വെളിച്ചം ട്രെയിൻ ഗതാഗതത്തിന്റെ ഭാവി മാറ്റിമറിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.