'പരിക്കേറ്റവരോട് കൂടെ വരാൻ പറഞ്ഞു'; കണ്ണമാലി പൊലീസിനെതിരായ പരാതിയിൽ വിശദീകരണവുമായി ഡിസിപി

Saturday 27 December 2025 3:11 PM IST

ആലപ്പുഴ: ചെല്ലാനത്ത് വാഹനപരിശോധന നടത്തുന്നതിനിടെ അപകടം നടന്ന സംഭവത്തെ ന്യായീകരിച്ച് ഡിസിപി അശ്വതി ജിജി. യുവാക്കൾ അമിതവേഗതയിലാണ് വന്നതെന്നും എന്തോ പന്തികേട് തോന്നി ഓഫീസർ കൈ കാണിക്കുകയുമായിരുന്നുവെന്ന് ഡിസിപി മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ഓഫീസർ നോക്കുമ്പോൾ ബൈക്ക് ഡ്രൈവറിനെ ഇടിച്ചിട്ടുണ്ടായിരുന്നു. ഡ്രൈവർക്ക് ബോധം പോയിരുന്നു. ചെവിയിൽ കൂടിയും മൂക്കിൽ കൂടിയും രക്തം വരുന്നുണ്ടെന്ന് മനസിലായി. ബൈക്ക് യാത്രികരും വീണു. അവർക്ക് പക്ഷേ ബോധമുണ്ട്, അവർ എണീറ്റിരുന്നു. പരിക്കുപറ്റിയ അവരോടും കൂടെ വരാൻ പറഞ്ഞു. അതുവേണ്ട, ഞാൻ കൊണ്ടുവന്നുകൊള്ളാം എന്നു പറഞ്ഞതുകൊണ്ടു മാത്രമാണ് പൊലീസ് പോയത്'- ഡിസിപി പറഞ്ഞു.

ഇന്നലെ പുലർച്ചെ നാലിന് ചെല്ലാനം റോഡിലായിരുന്നു സംഭവം നടന്നത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കിൽ വന്ന യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ എന്നിവർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ അനിൽ രാജേന്ദ്രൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ് കിടന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും രാഹുൽ ഇന്നലെ ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. വാഹനപരിശോധന ശ്രദ്ധയിൽപെട്ടത് തൊട്ടടുത്ത് എത്തിയപ്പോൾ ആണെന്നും വാഹനം നിർത്തും മുൻപ് തന്നെ പൊലീസ് ബെെക്ക് പിടിച്ച് നിർത്താൻ ശ്രമിച്ചെന്നും രാഹുൽ പറഞ്ഞു. അപകടത്തിൽപ്പെട്ട ബെെക്കിൽ 15 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് രാഹുൽ സുഹൃത്തിനെ ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ യുവാക്കൾ മദ്യപിച്ചിരുന്നുവെന്നാണ് കണ്ണമാലി പൊലീസ് നൽകുന്ന വിശദീകരണം. കെെകാണിച്ചിട്ടും ബെെക്ക് നിർത്തിയില്ലയെന്നും സിപിഒ ബിജുമോനെ ബെെക്കിലുള്ളവർ ഇടിച്ചിട്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ബോധം പോവുകയും ചെയ്തു. അതുകൊണ്ടാണ് വേഗത്തിൽ പൊലീസുകാരനെ ആശുപത്രിയിൽ എത്തിച്ചതെന്നും ബെെക്ക് യാത്രികർക്ക് കാര്യമായ പരിക്കില്ലായിരുന്നുവെന്നുമാണ് പൊലീസ് നേരത്തെ നൽകിയ വിശദീകരണം.