ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു
കൊച്ചി: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനിയായ 22 കാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയിൽ മെച്ചപ്പെടുന്നുണ്ട്. ഡോക്ടർമാരുമായി ആശയവിനിമയം നടത്തി. മികച്ച ചികിത്സ തന്നെ നൽകുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ട്. ജനറൽ ആശുപത്രി ടീമിനെ പിന്തുണച്ചുകൊണ്ട് വിദഗ്ദ്ധരുടെ ടീം ദിവസവും രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ജനറൽ ആശുപത്രി ടീമുമായി ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്.
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ഹൃദയമാണ് മാറ്റിവച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഈ കാലയളവിൽ ഇവിടെ സാധ്യമാക്കി. ഇതിന് പിന്നാലെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയത്.
അനാഥയായ നേപ്പാൾ സ്വദേശിനിയ്ക്കാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളം കരുതലൊരുക്കിയത്.
എംഎൽഎ ടിജെ വിനോദ്, കെ സോട്ടോ എക്സി. ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, ഡിഎംഒ ഡോ. ഷീജ, ആശുപത്രക സൂപ്രണ്ട് ഡോ. ഷാഹിർഷാ, ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോ പോൾ, ഡോ. ലിജോ ജോർജ്, ഡോ. പോൾ തോമസ് തുടങ്ങിയവും ഒപ്പമുണ്ടായിരുന്നു.