തിയേറ്ററിൽ വന്ന സിനിമകൾ സൗജന്യമായി ഫോണിൽ കാണാറുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങൾ

Saturday 27 December 2025 3:54 PM IST

ന്യൂഡൽഹി: അനധികൃത ആപ്പുകൾ ഉപയോഗിച്ച് പുതിയ സിനിമകൾ സൗജന്യമായി സ്മാർട്ട്ഫോണുകളിൽ കാണുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് വ്യക്തിഗത വിവരങ്ങൾ ചോരാനും നിയമനടപടികൾ നേരിടാനും കാരണമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ വിഭാഗമായ സൈബർ ദോസ്താണ് എക്സിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ ലഭ്യമല്ലാത്ത ആപ്പുകൾ തേർഡ് പാർട്ടി വെബ്‌സൈറ്റുകളിൽ നിന്നാണ് ഡൗൺലോഡ് ചെയ്യുന്നത്. ഇതിലൂടെ സ്മാർട്ട്ഫോണുകളിൽ വിവിധ സപൈ വൈറസുകൾ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. ഫോണിലെ പാസ്‌വേഡുകൾ, ബാങ്കിംഗ് വിവരങ്ങൾ, സ്വകാര്യ സന്ദേശങ്ങൾ എന്നിവ ഹാക്കർമാർ കൈക്കലാക്കാൻ ഇത്തരം ആപ്പുകളെയാണ് മറയാക്കുന്നത്.

സിനിമകളുടെ വ്യാജ പതിപ്പുകൾ കാണുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. അറിയാതെയാണെങ്കിൽ പോലും ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളെ നിയമക്കുരുക്കിലാക്കും. 'സൗജന്യമായി സിനിമ കാണാമെന്ന വ്യാമോഹത്തിൽ നിങ്ങളുടെ സുരക്ഷയും ഡാറ്റയും അപകടത്തിലാക്കരുത്. അപരിചിതമായ ആപ്പുകൾ ഉപയോഗിക്കുന്നത് സൈബർ റിസ്‌കിനും നിയമ പ്രശ്നങ്ങൾക്കും കാരണമാകും. പൈറസി കുറ്റകൃത്യമാണ്,' സൈബർ ദോസ്ത് എക്സിൽ കുറിച്ചു.

ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോറോ ആപ്പിൾ ആപ്പ് സ്റ്റോറോ മാത്രം ഉപയോഗിക്കുക. ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ കോൺടാക്ടുകളോ എസ്എംഎസോ ആവശ്യപ്പെടുന്നത് ചോദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. അംഗീകൃത ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയോ തീയേറ്ററുകളിലൂടെയോ മാത്രം സിനിമകൾ കാണുക. വ്യാജ ആപ്പുകൾ മുഖേന ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് ദിവസേന സൈബർ ക്രിമിനലുകൾ ലക്ഷ്യമിടുന്നത്. പിക്കാഷോ പോലുള്ള പ്ലാറ്റ്‌ഫോമുകൾ സൈബർ ഭീഷണി ഉയർത്തുന്നവയുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.