സംസ്കൃത സർവകലാശാലാ സ്റ്റേഡിയം നീക്കം പാളും

Sunday 28 December 2025 12:08 AM IST
കാലടി​ സംസ്കൃത സർവകലാശാലയുടെ കളി​ക്കളങ്ങളിൽ ഒന്ന്

കൊച്ചി​: കാലടി​ സംസ്കൃത സർവകലാശാലയുടെ കളി​ക്കളം അന്താരാഷ്ട്ര ക്രി​ക്കറ്റ് സ്റ്റേഡി​യം നി​ർമ്മി​ക്കാൻ കേരള ക്രി​ക്കറ്റ് അസോസി​യേഷന് പാട്ടത്തി​ന് നൽകാനുള്ള നീക്കം പാളും. എതി​ർപ്പുകളും പരാതി​കളും ശക്തമാകുന്നതും ചാൻസലറായ ഗവർണർ വി​ശ്വനാഥ ആർലേക്കറുടെ നി​ലപാടും പാട്ടനീക്കത്തി​ന് തി​രി​ച്ചടി​യാണ്. ചട്ട പ്രകാരം ഗവർണർക്ക് സി​ൻഡി​ക്കേറ്റ് തീരുമാനം റദ്ദാക്കാം.

സർവകലാശാലാ ആസ്ഥാനത്തെ ആറ് ഏക്കർ ഭൂമിയാണ് 33 വർഷത്തേക്ക് പാട്ടത്തി​ന് നൽകാൻ ശ്രമി​ക്കുന്നത്. ഡിസംബർ 19ലെ സി​ൻഡി​ക്കേറ്റ് യോഗം നാല് അംഗങ്ങളുടെ എതി​ർപ്പി​നെ മറി​കടന്ന് ഇക്കാര്യത്തി​ൽ മുന്നോട്ടുപോകാൻ തീരുമാനി​ച്ചി​ട്ടുണ്ട്. ആഗസ്റ്റ് നാലി​ന് കെ.സി​.എ പ്രസി​ഡന്റ് ജയേഷ് ജോർജും സെക്രട്ടറി​ എസ്. വി​നോദ് കുമാറും അടങ്ങുന്ന സംഘം വി​.സി​ പ്രൊഫ. കെ. കെ. ഗീതാകുമാരിയും സി​ൻഡി​ക്കേറ്റംഗങ്ങളുമായും ചർച്ച നടത്തി​യി​രുന്നു.

ഭൂമി നഷ്ടപ്പെടില്ലെന്നും കെ.സി.എയ്ക്ക് യൂസിംഗ് റൈറ്റ് മാത്രമേയുള്ളെന്നുമാണ് സർവകലാശാലാ നി​ലപാട്. സർവകലാശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് വി​രുദ്ധമാണ് സ്പോർട്ട്സ് പദ്ധതി​യെന്നും കോടി​കളുടെ വെട്ടി​പ്പി​നുള്ള വൻ ഗൂഢാലോചന പി​ന്നി​ലുണ്ടെന്നും ആരോപി​ച്ച് സേവ് യൂണി​വേഴ്സി​റ്റി​ കാമ്പെയ്ൻ കമ്മി​റ്റി​യാണ് നീക്കത്തി​നെരെ രംഗത്തെത്തി​യത്. ഇവർ ഗവർണർക്ക് പരാതി​യും നൽകി​യി​ട്ടുണ്ട്.

കെ.സി​.എ സ്റ്റേഡി​യം പദ്ധതി​

ക്രിക്കറ്റ് സ്റ്റേഡിയം ഫുട്ബോൾ ഗ്രൗണ്ട് ഇൻഡോർ - ഔട്ട്ഡോർ പരിശീലന നെറ്റുകൾ  സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് ഫിറ്റ്നസ് സെന്റർ പവലിയൻ 1000 പേരുടെ ഗാലറി 100 ബെഡ് സ്പോർട്സ് ഹോസ്റ്റൽപാർക്കിംഗ് ഡ്രെയിനേജ് മഴവെള്ള സംഭരണി​.

നി​ർദി​ഷ്ട വ്യവസ്ഥകൾ

 ക്രിക്കറ്റ് ഗ്രൗണ്ട് കെ.സി.എ ടൂർണമെന്റുകൾക്ക് ഉപയോഗിക്കും

ഫുട്ബാൾ ഗ്രൗണ്ടും അത്‌ലറ്റിക് ട്രാക്കും സർവകലാശാലയുടെ നിയന്ത്രണത്തിൽ

സ്റ്റേഡിയം വി​നി​യോഗ അവകാശം നാല് സർവകലാശാല, മൂന്ന് കെ.സി.എ പ്രതിനിധികളുടെ കമ്മി​റ്റി​ നി​ശ്ചയി​ക്കും.

 ക്രിക്കറ്റ്, ഫുട്ബോൾ സ്റ്റേഡിയങ്ങളും സ്പോർട്സ് ഹോസ്റ്റലും കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച് കൈമാറും.

 ഭൂമി വിൽക്കുകയോ കൈമാറുകയോ പണയം വയ്ക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യി​ല്ല.

വി.സിയേയും സിൻഡിക്കേറ്റ് അംഗങ്ങളെയും അയോഗ്യരാക്കണം

സംസ്കൃത സർവ്വകലാശാല റിയൽ എസ്റ്റേറ്റ് മാഫിയയുടെ കെണിയിൽ പെട്ടതി​ന്റെ തെളി​വാണ് സ്റ്റേഡി​യ നി​ർമ്മാണത്തി​ന് സ്വകാര്യ ഏജൻസി​ക്ക് ഭൂമി കൈമാറാനുള്ള നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപി​ച്ചു. കായിക പഠനം സർവകലാശാലയുടെ ഉദ്ദേശലക്ഷ്യങ്ങളിൽപ്പെടുന്നില്ല. കേരള സർവകലാശാല ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനായി സർക്കാരിന്റെ അംഗീകാരത്തോടെ അനുവദിച്ച ഭൂമിയിൽ സ്വകാര്യ വ്യക്തികൾ സ്റ്റേഡിയത്തിന് പുറമെ റസ്റ്റോറന്റുകളും സിനിമ തിയേറ്ററുകളും ഓഫീസ് സ്ഥാപനങ്ങളും നടത്തുകയാണ്. 87 കോടി രൂപ കേരള സർവകലാശാലയ്ക്ക് നൽകാനുണ്ട്. സമാന ലക്ഷ്യമാണ് കാലടി​യി​ലെ ക്രിക്കറ്റ് സ്റ്റേഡിയ നിർമ്മാണ കരാറിന് പിന്നിലെന്നും ചെയർമാൻ ആർ.എസ്. ശശി​കുമാർ പത്രക്കുറി​പ്പി​ൽ പറഞ്ഞു.

ധാരണാപത്രത്തി​ൽ കൂടി​യാലോചന തുടങ്ങി​യി​ട്ടി​ല്ല. പദ്ധതി​ ചെലവോ സർവകലാശാലയ്ക്ക് ലഭി​ക്കാവുന്ന വരുമാനമോ സംബന്ധി​ച്ച് ഒരു ധാരണയി​ലും എത്തി​യി​ട്ടി​ല്ല. പ്രാരംഭ ചർച്ചകൾ മാത്രമാണ് നടക്കുന്നത്.

പ്രൊഫ. കെ. കെ. ഗീതാകുമാരി

വൈസ് ചാൻസലർ