കൂടുവിട്ട് കൂടുമാറൽ, വോട്ട് അസാധുവാക്കൽ: പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ട്വിസ്റ്റാേട് ട്വിസ്റ്റ്
തിരുവനന്തപുരം: പഞ്ചായത്തുകളിലെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ പലയിടത്തും സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ. നാടകീയ രംഗങ്ങളും അപ്രതീക്ഷിത കൂട്ടുകെട്ടുകൾക്കും അട്ടിമറികൾക്കും പല പഞ്ചായത്തുകളും വേദിയായി. ചിലയിടങ്ങളിൽ വോട്ടുകൾ സമാസമം വന്നതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ കണ്ടെത്തിയത്. ചിലയിടങ്ങളിൽ ക്വാറം തികയാത്തതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. ഭൂരിപക്ഷമുണ്ടായിട്ടും വോട്ട് അസാധുവായതിലൂടെ ഭരണം പോയ പഞ്ചാത്തുകളുമുണ്ട്.
തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒരുപക്ഷേ കേരളം ഇതുവരെ സാക്ഷിയാകാത്ത സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഇവിടെ ആകെയുള്ള എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയുമായി ചേർന്ന് മുന്നണിയുണ്ടാക്കി അധികാരം പിടിക്കുകയായിരുന്നു.സ്വതന്ത്രയായി വിജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്റായി. പ്രാദേശികമായുള്ള ചില പ്രശ്നങ്ങളിലെ അതൃപ്തിയാണ് രാജിക്ക് ഇടയാക്കിയത്. ഇതിന്റെപേരിൽ നേതാക്കളുൾപ്പെടെയുള്ള ചിലർക്കെതിരെ പാർട്ടിതലത്തിൽ നടപടി സ്വീകരിച്ചെങ്കിലും ഓപ്പറേഷൻ താമര മോഡലിൽ ഞെട്ടിത്തരിച്ചിരിച്ചുനിൽക്കുകയാണ് കോൺഗ്രസ്.
പത്തനംതിട്ട കോട്ടാങ്ങലിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടൻ യുഡിഎഫ് അംഗം സ്ഥാനം രാജിവച്ചു. എസ്ഡിപിഐ പിന്തുണയിൽ ജയിച്ചതിനാലായിരുന്നു രാജിവച്ചത്. കോട്ടയം കുമരകം പഞ്ചായത്തിൽ ബിജെപി -യുഡിഎഫ് കൂട്ടുകെട്ടിനാണ് ഭരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എപി ഗോപിക്ക് യുഡിഎഫും ബിജെപിയും വോട്ട് ചെയ്തു. കാസർകോട് ദേലംപാടിയിൽ സിപിഎം വിമതൻ മുസ്തഫ ഹാജി പ്രസിഡന്റായി.
ആലപ്പുഴ ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബിജെപിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചു. ഇവിടെ എൻഡിഎയ്ക്കും യുഡിഎഫിനും ഏഴ് അംഗങ്ങൾ വീതവും എൽഡിഎഫിന് അഞ്ച് അംഗങ്ങളുമാണ് ഉളളത്. യുഡിഎഫിനും എൻഡിഎയ്ക്കും ഏഴ് വോട്ടുകൾ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ നറുക്കെടുപ്പിൽ ബിജെപി അംഗം പ്രസിഡന്റായി. നറുക്കെടുപ്പിൽ കോൺഗ്രസ് അംഗം വൈസ് പ്രസിഡന്റുമായി.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായി വി ജോയിയുടെ പഞ്ചായത്തായ അഴൂരിൽ ഭരണം ബിജെപിക്കാണ്. വെറും നാലുസീറ്റുകൾ മാത്രമാണ് ഇവിടെ സിപിഎമ്മിനുള്ളത്. ഒൻപത് വോട്ടുകളാണ് എൻഡിഎയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കോൺഗ്രസിന് അഞ്ച് വോട്ടുകളും ലഭിച്ചു.
കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ വെമ്പായം പഞ്ചായത്തിൽ എൽഡിഎഫിന്റെ അമിത ബാബു പ്രസിഡന്റായി.
കോൺഗ്രസ് നേതാവ് കണക്കോട് ഭുവനചന്ദ്രന്റെ വോട്ടാണ് അസാധുവായത്.എൽഡിഎഫ് 8, കോൺഗ്രസ് ഏഴ്. അസാധു ഒന്ന്.അഞ്ച് അംഗങ്ങളുള്ള ബിജെപിയും രണ്ട് അംഗങ്ങളുളള എസ്ഡിപിഐയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.