തൃശൂരും കോഴിക്കോടും മോഷണം: യുവാവ് അറസ്റ്റിൽ
കൊച്ചി: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും തൃശൂർ പുത്തൻപള്ളിയിലും മോഷണം നടത്തി മുങ്ങിയ യുവാവിനെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിൻ യാത്രക്കാരനിൽ നിന്ന് കവർന്ന 1.60 ലക്ഷം രൂപയുടെ ലാപ്ടോപ്പും സ്കൂട്ടർ കുത്തിത്തുറന്ന് കവർന്ന പണവും ഉൾപ്പെടെ കണ്ടെടുത്തു.
ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെടെ പ്രതിയായ കോഴിക്കോട് ഫറോക്ക് നെല്ലൂർ സ്റ്റേഡിയത്തിന് സമീപം മളിയാളത്ത് വീട്ടിൽ സുമേഷിനെ (32) ആണ് എറണാകുളം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ എ. നാസറുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി എറണാകുളം സൗത്ത് സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ ലാപ്ടോപ്പും നിരവധി സർട്ടിഫിക്കറ്റുകളും 6600 രൂപയും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് കോഴിക്കോടും തൃശൂരിലും നടത്തിയ മോഷണം പുറത്തായത്.
എറണാകുളം പുക്കാട്ട്പടിയിലെ കോളേജിൽ ചേരാൻ നിയമന ഉത്തരവുമായി വരികയായിരുന്ന പയ്യന്നൂർ സ്വദേശി ജിനേഷ് കുമാറിന്റേതാണ് ലാപ്ടോപ്പെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് കവർന്നത്. ജിനേഷിന്റെ നിയമന ഉത്തരവും പാസ്പോർട്ടും ലാപ്ടോപ്പിനൊപ്പം മോഷണം പോയിരുന്നു.
തൃശൂർ പുത്തൻപള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് കൈക്കലാക്കിയ ഹാൻഡ് ബാഗും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ബാഗിലുണ്ടായിരുന്ന പണം തൃശൂരിലെ ബാറിൽ മദ്യപിക്കാൻ ചെലവഴിച്ചതായും ഈയിനത്തിൽ ബാക്കി വന്നതാണ് 6,600 രൂപയെന്നും പ്രതി സമ്മതിച്ചു. റേഷൻ കാർഡ് ഉൾപ്പെടെ നിരവധി രേഖകളും ഈ ബാഗിൽ നിന്ന് കണ്ടെടുത്തു. എറണാകുളം, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ മോഷണം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പിടിയിലായത്.