സി.പി.എം കീഴ്ഘടകങ്ങളുടെ വിമർശനം, തോൽവിക്ക് കാരണം ഭരണ വിരുദ്ധവികാരം

Sunday 28 December 2025 12:24 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു കാരണം ഭരണ വിരുദ്ധവികാരമല്ലെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തള്ളി പാർട്ടി ജില്ലാ കമ്മിറ്റികൾ. ഭരണ വിരുദ്ധവികാരവും ശബരിമല സ്വർണക്കൊള്ളയുമാണ് പ്രധാന കാരണമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് മിക്ക ജില്ലാ ഘടകങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയത്. ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സമിതിയിലും ജില്ലാ ഘടകങ്ങളുടെ നിലപാട് സജീവ ചർച്ചയാകും.

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിരോധത്തിലായപ്പോൾ എതിർ പ്രചാരണങ്ങളെ മറികടക്കാൻ പാർട്ടിക്കായില്ലെന്നാണ് ജില്ലാ ഘടകങ്ങളുടെ അഭിപ്രായം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം വോട്ടർമാരിൽ നിന്നു നേരിടേണ്ടിവന്നു. പാർട്ടി നിരത്തിയ ന്യായീകരണങ്ങൾ പരിഹാസ്യമായതായും അഭിപ്രായമുണ്ട്.

എല്ലാ തട്ടിലുമുണ്ടായ സംഘടനാ ദൗർബല്യങ്ങളും തോൽവിയിൽ പങ്കുവഹിച്ചു. നേതാക്കളുടെ അമിത ആത്മവിശ്വാസവും തോൽവിക്ക് കാരണമായി. സ്ഥാനാർത്ഥി നിർണയവും നേതൃത്വത്തിന്റെ വീഴ്ചകളും തോൽവിയിൽ പങ്കുവഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറിമാർ മത്സരത്തിനിറങ്ങിയതും വിമതൻമാരുടെ സാന്നിദ്ധ്യവും തിരിച്ചടിയായെന്നും ജില്ലാ ഘടകങ്ങൾ വിലയിരുത്തി.