കോൺക്രീറ്റ് ഭിത്തിയിൽ ഉരസി, കെഎസ്ആർടിസിയുടെ പുത്തൻ വോൾവോ ബസ് അപകടത്തിൽപ്പെട്ടു
കോഴിക്കോട്: കെഎസ്ആർടിസിയുടെ പുത്തൻ വോൾവോ ബസ് അപകടത്തിൽപ്പെട്ടു. ഓണത്തിന് സർവീസ് ആരംഭിച്ച പുത്തൻ ബസാണ് ക്രിസ്മസ് രാത്രിയിൽ കോഴിക്കോട് കൊയിലണ്ടിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം-കൊല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെൻട്രൽ ഡിപ്പോയുടെ കെ.എസ് 449 ഡിപ്പോ നമ്പറിലുള്ള കെ.എൽ. 15 എ .2885 വോൾവോ 9006 മോഡൽ മൾട്ടി ആക്സിൽ ബസാണ് അപകടത്തിൽപെട്ടത്. ഡ്രൈവറുടെ ഭാഗത്ത പെയിന്റ് ഇളകിപ്പോയിട്ടുണ്ട്.
കായിലാണ്ടിയിൽ വച്ചു ദേശീയ പാത അടിപ്പാതയിലൂടെ പോകുമ്പോൾ അരികിലെ കോൺക്രീറ്റ് ഭിത്തിയിൽ ഉരസുകയായിരുന്നു. ഓടിത്തുടങ്ങിയിട്ട് മാസങ്ങൾ കഴിയുന്നതിനിടെയാണ് അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തിൽപ്പെട്ടെങ്കിലും പരാതിയോ കാര്യമായ പരിക്കോ ഇല്ലാത്തതിനാൽ ബസ് സർവീസ് തുടർന്നു. ബസ് അപകടത്തിൽപ്പെട്ടതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മന്ത്രി കെ.ബി. ഗണേഷ് കുമാർ മുൻകൈ എടുത്താണ് വോൾവോ ബസുകളിറക്കിയത്. അടുത്തിടെ വോൾവോയുടെ ഏറ്റവും പുതിയ സ്ലീപ്പർ ബസുകളും കെഎസ്ആർടിസി സ്വന്തമാക്കിയിരുന്നു.