കെജി ബേസിൻ തർക്കം; വിധി പുതുവർഷത്തിൽ

Sunday 28 December 2025 12:53 AM IST

മുംബയ്: റിലയൻസും കേന്ദ്ര സർക്കാരും തമ്മിലുള്ള കെജി ഡി 6 തർക്കവുമായി ബന്ധപ്പെട്ട നിർണ്ണായക വിധി 2026ൽ. ഊർജ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായ വിധിയാണ് വരാനിരിക്കുന്നത്. 2000 മുതൽ കൃഷ്ണ ഗോദാവരി ബേസിനിലെ എണ്ണപ്പാടത്തിന്റെ നടത്തിപ്പുകാരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും കേന്ദ്ര സർക്കാരും തമ്മിലുള്ള സുപ്രധാനമായ അന്താരാഷ്ട്ര തർക്കം അന്തിമഘട്ടത്തിലേക്ക്. കെജിഡി6 ബ്ലോക്കിൽ നിന്ന് 247 ഡോളറിന്റെ അധിക ലാഭവിഹിതം ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാരിന്റെ അവകാശവാദമാണ് തർക്കത്തിന്റെ കാതൽ.

സമുദ്രത്തിലെ എണ്ണപ്രകൃതിവാതക പര്യവേക്ഷണങ്ങൾ ഉയർന്ന സാമ്പത്തിക നഷ്ടസാദ്ധ്യതകൾ നിറഞ്ഞതാണ്. ഇത്തരം പദ്ധതികളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി, പുതിയ പര്യവേക്ഷണ ലൈസൻസിംഗ് നയത്തിന് കീഴിൽ രൂപീകരിച്ച ഉൽപ്പാദന പങ്കാളിത്ത കരാറുകൾ കമ്പനികൾക്ക് അവർ മുടക്കിയ പണം തിരിച്ചുപിടിക്കാൻ അവസരം നൽകുന്നു. റിലയൻസും സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ അടിസ്ഥാന കാരണവും ഈ 'ചെലവ് തിരിച്ചുപിടിക്കൽ' വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ്.

പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകൃതിവാതക ഉത്പാദനം നടന്നപ്പോൾ, ആർഐഎൽ, ബിപി പിഎൽസി, നിക്കോ റിസോഴ്‌സസ് എന്നിവരടങ്ങുന്ന കൺസോർഷ്യം ഇതിനകം മുടക്കിയ മൂലധനച്ചെലവിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കുന്നതിന് സർക്കാർ അനുമതി നിഷേധിച്ചു. ഇതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. കൺസോർഷ്യം അംഗീകരിച്ച ചെലവുകൾ ഏകപക്ഷീയമായി തടഞ്ഞുവെച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് റിലയൻസ് അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചത്. സർക്കാർ കരാർ ലംഘനം നടത്തി എന്നതാണ് റിലയൻസിന്റെ വാദം.