സ്വർണവില വീണ്ടും കൂടി, ഗ്രാം വില 13,000 കടന്നു; ഒരു പവന് നൽകണം 1,04,440 രൂപ

Saturday 27 December 2025 10:03 PM IST

തിരുവനന്തപുരം: പവന് ഒരു ലക്ഷം എന്ന ചരിത്രവില രേഖപ്പെടുത്തിയതിന് ശേഷവും സ്വർണം വിലയിൽ അതിന്റെ കുതിപ്പ് തുടരുന്നു. സ്വർണത്തിന് ഇന്ന് രാവിലെ ഗ്രാമിന് 110 രൂപ വർദ്ധിച്ച് 12,945 രൂപയും പവന് 880 രൂപ വർദ്ധിച്ച് 1,03560 രൂപയുമായിരുന്നു. എന്നാൽ വൈകിട്ട് വീണ്ടും 110 രൂപ കൂടി വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,055 രൂപയായി. ഇത് ആദ്യമായണ് ഒരു ഗ്രാം സ്വർണത്തിന് 13,000 രൂപ കടക്കുന്നത്. പവൻ ഇന്ന് 1760 വർദ്ധിച്ച് 1,04,440 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപ ഉയർന്ന് 10,830 രൂപയായി.

അതേസമയം, വെള്ളിക്ക് ഗ്രാമിന് 250 രൂപയായി. സ്വർണവില കുതിച്ചുയരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സ്വർണത്തിന് വില വർദ്ധിച്ചതോടെ ജുവലറികളിൽ വാങ്ങാനെത്തുന്നവരെ പോലെ ആഭരണം വിൽക്കാനെത്തുന്നവരുടെ എണ്ണവും കൂടി വരികയാണെന്ന് ജുവലറി ജീവനക്കാർ പറയുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം നിക്ഷേപകരെ ആകർഷിക്കുന്നതാണ് പ്രധാനമായും സ്വർണവില ഉയരാനിടയാക്കുന്നത്. ശക്തമായ വ്യാവസായിക ആവശ്യം, ലഭ്യതക്കുറവ്, യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കൽ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവയുൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങളാണ് വെള്ളിയുടെ വില കുതിച്ചുയരുന്നതിന് പിന്നിൽ.