ശബരിമല വിമാനത്താവളം; കൊടുമൺ വീണ്ടും ശ്രദ്ധയിലേക്ക്
പത്തനംതിട്ട: ചെറുവള്ളിയിൽ ഭൂമിയേറ്റടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ, ശബരിമല വിമാനത്താവളം അടൂർ കൊടുമണ്ണിലെ സർക്കാർ ഭൂമിയിൽ വേണമെന്ന ആവശ്യം വീണ്ടും സജീവമായി.
പ്ളാന്റേഷൻ കോർപ്പറേഷന് റബർ കൃഷിക്ക് പാട്ടത്തിന് കൊടുത്ത ഭൂമിയാണ് കൊടുമണ്ണിലേത്. ഇവിടെ വിമാനത്താവളം നിർമ്മിക്കണമെന്ന നിവേദനം സർക്കാരിന്റെ പക്കലുണ്ട്.
എന്നാൽ, സർക്കാർ ചെറുവള്ളി എസ്റ്റേറ്റിനെ പരിഗണിച്ചു. ഭൂമിയുടെ ഉടമസ്ഥതയുടെ പേരിലുള്ള തർക്കം കോടതികയറുകയും ഭൂമി ഏറ്റെടുക്കൽ റദ്ദാക്കുകയുമായിരുന്നു. വലിയ വിമാനത്താവളത്തിനുപോലും 1200 ഏക്കർ മതിയെന്നിരിക്കെ, ചെറുവള്ളിയിൽ 2750 ഏക്കർ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ചോദിച്ചാണ് വിജ്ഞാപനം റദ്ദാക്കിയത്.
അതേസമം, കൊടുമണ്ണിൽ വിമാനത്താവളം വരുന്നതിനോട് സി.പി.എം അനുകൂലമല്ല. കോൺഗ്രസിനും ചെറുവള്ളിയോടാണ് താത്പര്യം. കൊടുമണ്ണിനെ സംസ്ഥാനം ശുപാർശ ചെയ്താൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്താമെന്നാണ് ബി.ജെ.പി നിലപാട്.
കോടതി ഇടപെട്ടു
റിപ്പോർട്ട് തേടി
കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റിയാണ് സർക്കാരിന് നിവേദനം നൽകിയത്. ഹൈക്കോടതിയിലും ഹർജി നൽകി. പരിശോധിക്കണമെന്ന് കോടതി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ജില്ലാ കളക്ടർ കൊടുമൺ വില്ലേജ് ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കുടിയൊഴിപ്പിക്കൽ വേണ്ട
1 കൊടുമണ്ണിലേത് സർക്കാർ ഭൂമി. ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ട
2 ടാപ്പിംഗ് കഴിഞ്ഞ മരങ്ങളാണ്. വെട്ടിനശിപ്പിച്ചെന്ന പരാതിയുമുയരില്ല
3000ഏക്കർ- കൊടുമൺ എസ്റ്റേറ്റ്
2750 ഏക്കർ- തൊട്ടടുത്ത ചന്ദനപ്പള്ളി എസ്റ്റേറ്റ്
കൊടുമൺ - ശബരിമല ദൂരം :77.6 കിലോമീറ്റർ
കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിക്കണമെന്ന് മുഖ്യമന്ത്രിക്കും എം.പിമാർക്കും നിവേദനം നൽകിയിരുന്നു. പരിഗണിക്കാതിരുന്നപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്
ഡോ. വർഗീസ് പേരയിൽ,
കൊടുമൺ സാംസ്കാരിക സമിതി പ്രസിഡന്റ്