മിൽമയിൽ വിരമിക്കൽ പ്രായം കൂട്ടാൻ യൂണിയൻ സമ്മർദ്ദം ജനുവരി അഞ്ചിന് യോഗം

Sunday 28 December 2025 12:09 AM IST

കൊച്ചി: സഹകരണ സ്ഥാപനമായ മിൽമയിൽ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആയി ഉയർത്താൻ ട്രേഡ് യൂണിയനുകളുടെ സമ്മർദ്ദം. ഇതേത്തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം തൊഴിലാളി സംഘടനകളുടെയും ഓഫീസേഴ്സ് യൂണിയനുകളുടെയും യോഗം ജനുവരി അഞ്ചിന് ക്ഷീരവകുപ്പ് ഡയറക്ടറേറ്റിൽ ചേരും. നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് തീരുമാനമാക്കാനാണ് യൂണിയനുകളുടെ ശ്രമം.

വിരമിക്കൽ പ്രായം 58 ആണെങ്കിൽ ചില ട്രേഡ് യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവർക്കടക്കം നിരവധിപ്പേർക്ക് വൈകാതെ പടിയിറങ്ങേണ്ടിവരും. അത് ഒഴിവാക്കുക കൂടിയാണ് സമ്മർദ്ദത്തിന് പിന്നിലെന്നാണ് ആക്ഷേപം. ശമ്പളവർദ്ധന വന്നാൽ പെൻഷനിലുണ്ടാകുന്ന വർദ്ധനയും ആകർഷണമാണ്.

ഒരു പ്രമുഖ തൊഴിലാളി യൂണിയനാണ് വിരമിക്കൽപ്രായം 60 ആക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. പിന്നീട് മറ്റ് യൂണിയനുകളും പിന്തുണയ്ക്കുകയായിരുന്നു. അതേസമയം, അഞ്ചിനു ചേരുന്ന യോഗത്തിനു ശേഷം സർക്കാർ സ്വീകരിക്കുന്ന നിലപാടാകും നിർണായകം. ഇതുമായി ബന്ധപ്പെട്ട് നവംബറിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പു കാരണം മാറ്റിവയ്ക്കുകയായിരുന്നു.

സമിതി ശുപാർശയുണ്ട്

സഹകരണ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60ആക്കണമെന്ന് റിട്ട. ജില്ലാ ജഡ്ജി എൻ. രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായ പെൻഷൻ പരിഷ്കരണ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം, 2022ൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർദ്ധിപ്പിച്ചെങ്കിലും എതിർപ്പുയർന്നതോടെ സർക്കാർ പിൻവാങ്ങിയിരുന്നു.