കലാസംവിധായകൻ കെ.ശേഖർ അന്തരിച്ചു

Sunday 28 December 2025 1:32 AM IST

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ.ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അന്ത്യം.

ഇന്നലെ വൈകിട്ട് 4.30 വരെ അദ്ദേഹത്തിന്റെ വസതിയായ സ്റ്റാച്യു ട്യൂട്ടേഴ്സ് ലെയ്നിൽ പൊതുദർശനത്തിനു ശേഷം ഭൗതികശരീരം ശാന്തികവാടത്തിൽ സംസ്കരിച്ചു. തമിഴ്നാട് സർക്കാർ സ്കൂളിൽ അദ്ധ്യാപികയായിരുന്ന ജയന്തി ശേഖറാണ് ഭാര്യ.

കേരള സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷമാണ് കലാസംവിധാനരംഗത്തേക്ക് എത്തുന്നത്. 1982ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യ 70 എം.എം. സിനിമയായ പടയോട്ടത്തിൽ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനർ ആയി പ്രവർത്തിച്ചുകൊണ്ടായിരുന്നു തുടക്കം.

1982ൽ നവോദയ സ്റ്റുഡിയോസിന്റെ ഭാഗമായ കെ.ശേഖർ മലയാളത്തിലെ ആദ്യ ത്രീഡി ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന് വേണ്ടി കലാസംവിധാനം ഒരുക്കി.

സിനിമയിലെ 'ആലിപ്പഴം പെറുക്കാം' എന്ന പാട്ടിൽ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി രൂപകൽപ്പന ചെയ്തത് ഇദ്ദേഹമായിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ കെ. ശേഖറിന്റെ കലാസംവിധാന മികവ് ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു. ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, രഘുനാഥ് പലേരിയുടെ ഒന്നു മുതൽ പൂജ്യം വരെ, ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത കമലഹാസൻ നായകനായ ചാണക്യൻ തുടങ്ങിയ സിനിമകളിൽ കലാസംവിധായകനായി. ഹിന്ദി സീരിയലുകളിലും പ്രവർത്തിച്ചു. ചെന്നൈയിലെ കിഷ്കിന്ധാഅമ്യൂസ്‌മെന്റ് പാർക്കിന്റെ രൂപകല്പനയിലും പങ്കാളിയായിരുന്നു.

ചെന്നയിലായിരുന്ന ശേഖർ നാലു വർഷം മുമ്പാണ് സ്വദേശമായ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് നടക്കും.