തിരുവനന്തപുരത്ത് ബിജെപിയുടെ ആദ്യ 'പണി' മുൻ മേയർക്ക്; വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ

Sunday 28 December 2025 12:01 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎയും മുൻ മേയറുമായ വികെ പ്രശാന്ത് ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന് കൗൺസിലറായ ആർ ശ്രീലേഖ ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിച്ച് അധികാരത്തിലേറിയതിന് പിന്നാലെയാണ് ഈ ആവശ്യം. ഫോണിൽ വിളിച്ച ശ്രീലേഖ പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.

എന്നാൽ നിയമസഭ കാലാവധി കഴിയും വരെ തുടരാൻ പത്ത് മാസം മുമ്പ് തന്നെ കോർപറേഷന് കത്ത് നൽകിയതായി പ്രശാന്ത് മറുപടി നൽകി. എൽ.ഡി.എഫ് ഭരണകാലത്ത് കൗൺസിൽ വാടക നിശ്ചയിച്ച് നൽകിയ കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും.