അഴീക്കൽ സ്കൂളിൽ കണ്ണീരോർമ്മ പുതുക്കി സുനാമി അനുസ്മരണവും സ്മൃതിനിധി വിതരണവും

Sunday 28 December 2025 12:10 AM IST
അഴീക്കൽ ഗവ.ഹൈസ്കൂളിലെ അദ്ധ്യാപകരും കുട്ടികളും സുനാമി സ്മൃതിമണ്ഡപത്തിൽ

കരുനാഗപ്പള്ളി: ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന്റെ 21-ാം വാർഷികത്തിൽ പ്രിയപ്പെട്ടവരുടെ ഓർമ്മ പുതുക്കി അഴീക്കൽ ഗവ.ഹൈസ്കൂൾ. ദുരന്തത്തിൽ ജീവൻ നഷ്ടമായ സ്കൂളിലെ 10 പെൺകുഞ്ഞുങ്ങൾക്കും മറ്റ് ബന്ധുജനങ്ങൾക്കുമായി ഭക്തിനിർഭരമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും അഴീക്കൽ സുനാമി സ്മൃതിമണ്ഡപത്തിലേക്ക് അനുസ്മരണ യാത്ര നടത്തുകയും പുഷ്പാർച്ചന അർപ്പിക്കുകയും ചെയ്തു.

തുടർന്ന് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള സ്മൃതിമണ്ഡപത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വരുൺ ആലപ്പാട് ദീപം തെളിച്ചതോടെ അനുസ്മരണ ചടങ്ങുകൾക്ക് തുടക്കമായി. വാർഡ് മെമ്പർ സുജിത്ത്, പി.ടി.എ ഭാരവാഹികൾ, പ്രഥമാധ്യാപിക കെ.എൽ.സ്മിത , അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദുരന്തത്തിൽ മരിച്ച 10 കുട്ടികളുടെ സ്മരണയ്ക്കായി കഴിഞ്ഞ വർഷം ആരംഭിച്ച 'സ്മൃതിനിധി' പദ്ധതിയിലൂടെ സമാഹരിച്ച തുക ചടങ്ങിൽ കൈമാറി. ഗുരുതരമായ അസുഖം ബാധിച്ച രണ്ട് കുടുംബങ്ങൾക്കാണ് ഇത്തവണ സഹായധനം നൽകിയത്. കുട്ടികൾ അവരുടെ ജന്മദിന ആഘോഷങ്ങൾക്കും മറ്റും മാറ്റിവെക്കുന്ന തുകയിൽ നിന്നാണ് സ്മൃതിനിധിയിലേക്ക് പണം കണ്ടെത്തുന്നത്. അടുത്ത വർഷത്തേക്കുള്ള ധനസമാഹരണത്തിന്റെ ഉദ്ഘാടനം സ്കൗട്ട് യൂണിറ്റ് ലീഡർ നിരഞ്ജൻ എസ്. ബാബു നിർവഹിച്ചു. പഠനത്തോടൊപ്പം മാനുഷിക മൂല്യങ്ങൾ കൂടി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പി.ടി.എ പ്രസിഡന്റ് ലിജിമോൻ, അദ്ധ്യാപകരായ അബീദ, അനിലരാജ്, മുഹമ്മദ് സലിംഖാൻ, ദീപ എം. ദാസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.