ചിന്നക്കടയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

Sunday 28 December 2025 12:26 AM IST

കൊല്ലം: ചിന്നക്കട മുസ്ലിയാർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ചായ് സ്ട്രീറ്റ്, കൊല്ലം മെഡിക്കൽസ് എന്നീ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച അർദ്ധരാത്രി മോഷണം. കെ.വി. മെഡിക്കൽസിൽ നിന്ന് 80000 രൂപയും ചായ് സ്ട്രീറ്റിൽ നിന്ന് വിലയേറിയ ചായപ്പൊടികളും 1500 രൂപയും മോഷ്ടാവ് കവ‌ർന്നു.

വെള്ളിയാഴ്ച രാത്രി 11.30 ഓടെ മോഷ്ടാവ് അകത്ത് കടന്ന് മേശയിൽ നിന്ന് പണവും അലമാരകളിൽ നിന്ന് ചായപ്പൊടികളും മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ചായ് സ്ട്രീറ്റിൽ നിന്നു ലഭിച്ചു. ഷർട്ടും കൈലിയും ധരിച്ച കഷണ്ടിയുള്ള ആളാണ് മോഷ്ടാവ്. ഇതേയാൾ തന്നെയാണ് ചായ് സ്ട്രീറ്റിലും മോഷണം നടത്തിയതെന്ന് കരുതുന്നു. കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുന്നതായി നടിച്ച് ഷട്ടറിന്റെ പൂട്ട് അറുത്താണ് അകത്ത് കടന്നത്. കടത്തിണ്ണയ്ക്ക് മുന്നിലുള്ള നടപ്പാതയിലൂടെ രാത്രി വൈകിയും ആളുകൾ സഞ്ചരിക്കുന്നതാണ്. ചിന്നക്കടയിൽ സ്ഥിരമായി തമ്പടിക്കുന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് മുഖസാദൃശ്യമുള്ളവരുടെ പട്ടിക പൊലീസ് തയ്യാറാക്കിവരികയാണ്. മോഷ്ടാവ് രക്ഷപ്പെട്ട വഴി കണ്ടെത്താൻ സമീപത്തെ സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.