ജില്ലയിലെ പഞ്ചായത്ത് ഭരണം... യു.ഡി.എഫ് പ്രസിഡന്റുമാർ 34 എൽ.ഡി.എഫ് പക്ഷത്ത് 33
കൊല്ലം: ഭാഗ്യവും സ്വതന്ത്രരിൽ ചിലരും കൂടെ നിന്നതോടെ, ജില്ലയിലെ പഞ്ചായത്തുകളിൽ യു.ഡി.എഫ് ഒരു പൊടിക്ക് മുന്നിൽ!
ഇന്നലെ നടന്ന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 34 പ്രസിഡന്റുമാരെ ലഭിച്ചു. എൽ.ഡി.എഫിന് 33, എൻ.ഡി.എ-1 എന്നിങ്ങനെയും. നേരത്തെ, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യു.ഡി.എഫ്- 32, എൽ.ഡി.എഫ്- 33, എൻ.ഡി.എ-1, രണ്ട് മുന്നണികൾ തുല്യനിലയിൽ- 1 എന്നിങ്ങനെയായിരുന്നു പഞ്ചായത്തുകളുടെ നില. നെടുവത്തൂർ പഞ്ചായത്ത് ഭരണമാണ് എൻ.ഡി.എയ്ക്ക് ലഭിച്ചത്.
ചിറക്കര പഞ്ചായത്തിൽ എൻ.ഡി.എയ്ക്കായിരുന്നു ഭൂരിപക്ഷം. എൻ.ഡി.എ-6, യു.ഡി.എഫ്- 5, സ്വത.-1 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രനായി വിജയിച്ച മുൻ സി.പി.എം നേതാവ് യു.എസ്. ഉല്ലാസ് കൃഷ്ണനെ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചു. വോട്ടെടുപ്പിൽ ഉല്ലാസ് കൃഷ്ണനും എൻ.ഡി.എ സ്ഥാനാർത്ഥി എം.ആർ. രതീഷിനും 6 വോട്ടുകൾ വീതം ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ഉല്ലാസ് കൃഷ്ണനെ ഭാഗ്യം തുണച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉല്ലാസ് കൃഷ്ണൻ യു.ഡി.എഫിനെ പിന്തുണച്ചു. എന്നാൽ നറുക്കെടുപ്പിൽ ഭാഗ്യം എൻ.ഡി.എയ്ക്കൊപ്പമായിരുന്നു. കുളത്തൂർക്കോണം വാർഡിൽ നിന്നു വിജയിച്ച ബി.ജെ.പിയുടെ എം. രമ്യ വൈസ് പ്രസിഡന്റായി.
ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്- 9, എൽ.ഡി.എഫ്-9, എൻ.ഡി.എ-3 എന്നിങ്ങനെയായിരുന്നു കക്ഷിനില. വോട്ടടെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ വോട്ട് ലഭിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന നറുക്കെടുപ്പിൽ ഭാഗ്യം യു.ഡി.എഫിനൊപ്പമായതോടെ കോൺഗ്രസ് അംഗങ്ങളായ ബ്രിജേഷ് എബ്രഹാം പ്രസിഡന്റായും ജലജ ശ്രീകുമാർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ഒരു പഞ്ചായത്തിലും മുന്നണി സ്ഥാനാർത്ഥികളുടെ കൂറുമാറ്റം ഉണ്ടായില്ല.
എൽ.ഡി.എഫിന് 7 ബ്ലോക്ക്, യു.ഡി.എഫിന് 4
ഇരുമുന്നണികളും തുല്യനിലയിലായിരുന്ന മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ഭാഗ്യം യു.ഡി.എഫിനൊപ്പമായിരുന്നു. ഇതോടെ നാല് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിന് ഏഴും. നേരത്തെ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ജില്ലയിൽ എൽ.ഡി.എഫ്- 7, യു.ഡി.എഫ്-3, ഇരുമുന്നണികളും തുല്യനിലയിൽ- 1 എന്നിങ്ങനെയായിരുന്നു ബ്ലോക്ക് പഞ്ചായത്തുകളുടെ നില.
മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ്- 8, എൽ.ഡി.എഫ്- 8, എൻ.ഡി.എ-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിലും ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികൾക്ക് എട്ട് വീതം വോട്ട് ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്ത് കോൺഗ്രസിന്റെ സാം വർഗ്ഗീസിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് മുസ്ലീം ലീഗിന്റെ ആർ. ഗായത്രിദേവിയേയും ഭാഗ്യം തുണച്ചു.