കുലവാഴകളി​ൽ വി​ല്ലനായി​ വി​ല!

Sunday 28 December 2025 12:28 AM IST

കൊല്ലം: മഴയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള പ്രതി​സന്ധി​കളെ അതി​ജീവി​ച്ച് കർഷകർ നട്ടുവളർത്തിയ വാഴ കുലച്ചപ്പോൾ, വി​ല വി​ല്ലനാവുന്നു! മുടക്കുമുതൽ പോലും കിട്ടാത്ത അവസ്ഥയി​ൽ എന്തു ചെയ്യണമെന്ന് അറി​യാതെ വലയുകയാണ് കർഷകർ. എന്നാൽ, വിലയിടിവിന്റെ ഗുണം ഉപഭോക്താക്കൾക്ക് വലിയ തോതിൽ ലഭിക്കുന്നുമില്ല.

ഏത്തൻ, പാളയംകോടൻ, ഞാലിപ്പൂവൻ, ചിങ്ങൻപ്പഴം എന്നിവയുടെ വിലയാണ് കൂപ്പുകുത്തുന്നത്. ഓണത്തിന് മുൻപ് വരെ കിലോയ്ക്ക് 70-80 രൂപ വരെ ലഭിച്ചിരുന്ന ഏത്തന് 35- 40 രൂപയായി​ (കർഷകർക്ക് ലഭിക്കുന്ന വില). ഏത്തൻ കി​ലോയ്ക്ക് കുറഞ്ഞത് 60 രൂപയെങ്കി​ലും ലഭിച്ചെങ്കിൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ എത്തുന്ന മറുനാടൻ ഏത്തയ്ക്ക 100 രൂപയ്ക്ക് 3 കിലോവരെയാണ് വണ്ടികളിലും മറ്റും എത്തിച്ച് വിൽക്കുന്നത്. കിലോയ്ക്ക് 25 രൂപ ഉണ്ടായിരുന്ന പാളയംകോടന് 10 രൂപയും 70 രൂപ ഉണ്ടായിരുന്ന ഞാലിപ്പൂവന് 40 രൂപയും 30 രൂപ ഉണ്ടായിരുന്ന ചിങ്ങൻപ്പഴത്തിന് 20 രൂപയുമായി. കൂട്ടത്തിൽ കപ്പപ്പഴത്തിന് (കദളിപ്പഴം) മാത്രമാണ് വിലയുള്ളത്.

കർഷകന് കുറഞ്ഞ വി​ലയാണ് കിട്ടുന്നതെങ്കിലും 30 രൂപയോളം കൂട്ടിയാണ് വ്യാപാരികൾ വിൽക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിലകുറഞ്ഞെന്ന് പറയുമ്പോഴും സത്യത്തിൽ ഉപഭോക്താവി​ന് ഇതിന്റെ ഫലം ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വാഴക്കുലകൾ എത്തുന്നതും ഉത്പാദനം ഉയർന്നതുമാണ് വിലയിടിവിന്റെ പ്രധാന കാരണം. ഭൂരിഭാഗം പേരും വാഴക്കൃഷി ഉപേക്ഷിച്ച മട്ടാണ്.

ഏത്തന് പുള്ളിക്കുത്ത് ഭീഷണി​

വിലയിടിവിന് പുറമേ, മൂപ്പെത്തിയ ഏത്തക്കുലകളിൽ പുള്ളിക്കുത്തുകൾ (തൊലിപ്പുറത്ത് കാണുന്ന പുള്ളികൾ) വ്യാപകമാകുന്നതും കർഷകരിൽ കടുത്ത ആശങ്കയുണ്ടാക്കുന്നു. പഴത്തിന്റെ രുചിയെ ബാധിക്കില്ലെങ്കിലും ഇത്തരം കുലകൾ വാങ്ങാൻ കച്ചവടക്കാർ തയ്യാറാകില്ല. ഇത് അടർത്തിമാറ്റാൻ തുടങ്ങി​യാൽ, ഭൂരിഭാഗവും ഒഴിവാക്കേണ്ടി വരും. ലഭിക്കുന്ന കുലകളിൽ 25 ശതമാനത്തി​ലും ഈ സമയം പുള്ളിക്കുത്ത് ഉണ്ടാവുമെന്ന് ക‌ർഷകർ പറയുന്നു. എഴുകോൺ, കുണ്ടറ, കിഴക്കൻ മേഖലയിലെ ചീരൻകാവ്​, പുത്തൂർ, പുനലൂർ എന്നിവിടങ്ങളിൽ നിന്നാണ്​ തനി നാടൻ ഏത്തക്കുലകൾ കൊല്ലം നഗരത്തിലുൾപ്പെടെ എത്തുന്നത്​.

തമി​ഴ്നാട്ടി​ൽ ഉത്പാദനം വർദ്ധിച്ചതാണ് വിലയിടിവിന് കാരണം. ഏത്തന് പുള്ളിക്കുത്ത് രോഗം വരുന്നതിനാൽ ഇതും വിപണിയിൽ തിരിച്ചടിയാണ്. ഏത്തന് കുറഞ്ഞത് 60 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ കർഷകന് ഗുണമുള്ളൂ

അനിൽകുമാർ, കർഷകൻ, പെരുമ്പുഴ