ആംബുലൻസിൽ എത്തി വോട്ട് ചെയ്ത് ഗ്രാമ പഞ്ചായത്തംഗം

Sunday 28 December 2025 12:30 AM IST
തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എത്തിയ പഞ്ചായത്തംഗം പി. മായാകുമാരി

തൊടിയൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയി​ടി​ച്ച് വലത് കണങ്കാൽ തകർന്ന് കൊല്ലം എൻ.എസ് ആശുപത്രയിൽ കഴിയുന്ന തൊടിയൂർ ഗ്രാമ പഞ്ചായത്തംഗം പി. മായാകുമാരി ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് ആംബുലൻസിനുള്ളിൽ സ്ട്രച്ചറിൽ കിടന്നുകൊണ്ട്.

റിട്ടേണിംഗ് ഓഫീസർ ഉണ്ണിക്കൃഷ്ണൻ പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിറുത്തിയിട്ടിരുന്ന ആംബുലൻസിന് സമീപം എത്തി രജിസ്റ്ററിൽ ഒപ്പ് വയ്പിച്ച ശേഷം വോട്ടു രേഖപ്പെടുത്തി വാങ്ങി. പഞ്ചായത്ത് നാലാം വാർഡിൽ നി​ന്ന് സി.പി.എം സ്ഥാനാർത്ഥിയായിട്ടാണ് മായാകുമാരി വിജയിച്ചത്. പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിനമായ കഴിഞ്ഞ 21ന് വൈകിട്ട് കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പി.ടി.എ യോഗത്തിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോൾ, ഇടക്കുളങ്ങര എഫ്.സി.ഐ ഡിപ്പോയ്ക്ക് തെക്ക് വശത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയ വേണ്ടി​വന്നു. ഉച്ചയ്ക്ക് 2.30ന് നടന്ന വൈസ്‌ പ്രസിഡന്റ് തി​രഞ്ഞെടുപ്പിന് ശേഷം

ആശുപത്രിയിലേക്ക് മടങ്ങി. ഏതാനും നാൾ കൂടി അവിടെ ചികിത്സ വേണ്ടി​വരുമെന്ന് ഭർത്താവ് ബിജു കുമാർ പറഞ്ഞു.