എസ്.ഐ.ആർ , ദിവസം ലക്ഷം പേരെ ഹിയറിംഗിന് വിളിക്കും
തിരുവനന്തപുരം: ദിവസവും ഒരുലക്ഷംപേരെ എസ്.ഐ.ആറിന്റെ ഹിയറിംഗിന് വിളിക്കാൻ സൗകര്യമൊരുക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ. രാഷ്ട്രീയപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിയറിംഗ് സുഗമമാക്കാൻ ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു ഇ.ആർ.ഒയും ഏഴുവീതം അസി. ഇ.ആർ.ഒമാരുമുണ്ടാകും. ഹിയറിംഗിനായി സംസ്ഥാനവ്യാപകമായി 950 ഉദ്യോഗസ്ഥരുണ്ടാകും.
2002ലെ വോട്ടർപട്ടികയുമായി ബന്ധപ്പെടുത്തി മാപ്പിംഗ് നടത്താനാകാത്ത 19 ലക്ഷം പേരെയാണ് ഹിയറിംഗിന് വിളിക്കേണ്ടത്. മതിയായ രേഖകൾ കിട്ടിയെന്ന് ഉറപ്പുണ്ടെങ്കിൽ ഇ.ആർ.ഒയ്ക്ക് ഹിയറിംഗ് ഒഴിവാക്കാം. ഹിയറിംഗ് നേരിട്ടായിരിക്കും. ഹിയറിംഗിന് നോട്ടീസ് കൊടുക്കുന്നവരുടെ പട്ടിക പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളെ അറിയിക്കും. ഹിയറിംഗിന് ശേഷവും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനാകുന്നില്ലെങ്കിൽ അക്കാര്യം കാരണസഹിതം അറിയിക്കും.
കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ ഉൾപ്പെട്ടവർ പുതിയ വോട്ടറായി അപേക്ഷിച്ചാൽ ഹിയറിംഗ് ആവശ്യമില്ല. രാഷ്ട്രീയ പാർട്ടികൾക്ക് ജില്ലാതലത്തിലും ബി.എൽ.എമാരെ നിയമിക്കാം. പട്ടികയിൽ പേരുചേർക്കാൻ ബി.എൽ.എമാർക്ക് പ്രതിദിനം 10 അപേക്ഷകൾ നൽകാം. ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. യുവാക്കളെ ഉൾപ്പെടുത്താൻ പ്രത്യേക നടപടി സ്വീകരിക്കും. പ്രവാസിവോട്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടനകളുടെ യോഗം ജനുവരി 9നു വൈകുന്നേരം 6ന് വിളിച്ചു ചേർക്കാമെന്ന് നോർക്ക അറിയിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ
പേര് ഒരുമിച്ചാക്കും
എസ്.ഐ.ആർ വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി തുടങ്ങി ഒരു വീട്ടിലുള്ളവരുടെയെല്ലാം പേരുകൾ ഒരുമിച്ച് നൽകും. നിലവിൽ പലയിടത്താണുള്ളത്. ചിലരുടേത് വേറെ ബൂത്തിൽ പോലുമായിട്ടുണ്ട്.