ശതാബ്ദിയുടെ നിറവിൽ ഗുരുദേവൻ പേരുചൊല്ലി വിളിച്ച സുശീല
കൊച്ചി: ശ്രീനാരായണഗുരു പേരുചൊല്ലിവിളിച്ച പൂഞ്ഞാർ കുന്നോന്നിയിലെ സുശീല രാഘവൻ ശതാബ്ദിയുടെ നിറവിലേക്ക്. 1927 ജൂൺ 7ന് പൂഞ്ഞാർ മങ്കുഴിക്ഷേത്രത്തിൽ പ്രതിഷ്ഠനടത്താനെത്തിയപ്പോഴാണ് ആറുമാസം പ്രായമുണ്ടായിരുന്ന കുട്ടിക്ക് ഗുരുദേവൻ പേരിട്ടത്. സുശീലാമ്മയുടെ മുത്തച്ഛനും സമുദായ പ്രവർത്തകനുമായ വേലംപറമ്പിൽ ഇട്ടുണ്ടാന്റെ നേതൃത്വത്തിലുള്ള ഭക്തജനങ്ങളുടെ അഭ്യർത്ഥനപ്രകാരമായിരുന്നു ഗുരുദേവന്റെ വരവ്. പാലാ ഇടപ്പാടി ആനന്ദഷണ്മുഖം ക്ഷേത്രത്തിലെ പ്രതിഷ്ഠകഴിഞ്ഞ് അടുത്തദിവസം പൂഞ്ഞാർ മങ്കുഴിയിലെ ഭജനമന്ദിരത്തിൽ സുബ്രഹ്മണ്യന്റെ പ്രതീകമായി വേൽപ്രതിഷ്ഠിച്ച ഗുരു ക്ഷേത്രത്തിന് 'ആകല്പാന്ത പ്രശോഭിനി സുബ്രഹ്മണ്യ സ്വാമിക്ഷേത്രം" എന്ന് നാമകരണവും നടത്തി. അപ്പോഴാണ് ഇട്ടുണ്ടാന്റെ മകൻ വി.ഐ. കൃഷ്ണൻ കുഞ്ഞുമായി ഗുരുവിന് മുമ്പിലെത്തി പേരിടണമെന്ന് അഭ്യർത്ഥിച്ചത്. കുഞ്ഞിനെ വാത്സല്യത്തോടെ ഏറ്റുവാങ്ങി സുശീല എന്ന് പേരുവിളിച്ച് ഗുരുദേവൻ അന്നപ്രാശനവും നടത്തി. ധനുമാസത്തിലെ തിരുവാതിര നാളിൽ ജനിച്ച സുശീലാമ്മ നൂറാംപിറന്നാൾ ഒരുക്കത്തിലാണ്. ജനുവരി 4നാണ് തിരുവാതിര. ആകല്പാന്ത പ്രശോഭിനി ക്ഷേത്രത്തിലെ ഉത്സവവും അന്നുതന്നെ. ഭർത്താവ് കുറ്റിക്കാട്ടിൽ രാഘവൻ നാരായണൻ 1991ൽ അന്തരിച്ചു. 12മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമായി മൂന്നുതലമുറകളിലായി 150ൽ അധികം അംഗങ്ങളുള്ള വേലംപറമ്പിൽ കുടുംബയോഗത്തിന്റെ മുഖ്യരക്ഷാധികാരി കൂടിയാണ് സുശീലാമ്മ.
നൂറിന്റെ നിറവിലും കണ്ണടവേണ്ട
കണ്ണട ഉപയോഗിക്കാതെ വായിക്കാനും ആളുകളെ തിരിച്ചറിയാനും സാധിക്കും. ഇടക്കാലത്ത് ചെറിയതോതിൽ കേൾവിക്കുറവ് ഉണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചു. 90-ാം ജന്മദിനം മുതലാണ് കുടുംബാംഗങ്ങൾ ജന്മദിനം ആഘോഷമാക്കി തുടങ്ങിയത്. 12മക്കളിൽ നാലുപേർ മരിച്ചു. ഇളയമകൾ ബിനുമോന്റെ കൂടെയാണ് ഇപ്പോൾ താമസം. 99-ാം ജന്മദിനാഘോഷത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കുടുംബബന്ധുവും ഇൻകം ടാക്സ് കമ്മിഷണറുമായ ജ്യോതിസ് മോഹൻ തുടങ്ങി പ്രമുഖർ പങ്കെടുത്തിരുന്നു. കൊച്ചുമക്കളിൽ മൂത്തയാളായ മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.ആർ.ബിജുമോന്റെ അദ്ധ്യക്ഷതയിലായിരുന്നു ആഘോഷം.