15,000 കുട്ടികൾക്ക് കാലാവസ്ഥാ നിർണയ പരിശീലനം,​ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കം 

Sunday 28 December 2025 2:04 AM IST

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം നടത്തുന്നത് കുട്ടികളെ പഠിപ്പിക്കാൻ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കമായി. സംസ്ഥാനത്തെ 225 കേന്ദ്രങ്ങളിലായി നടത്തുന്ന ദ്വിദിന ക്യാമ്പുകളിൽ 14,804 കുട്ടികൾ പങ്കെടുക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുള്ള 2248 യൂണിറ്റുകളിൽ നിന്നുള്ള പ്രതിഭകളാണ് ഈ കുട്ടികൾ.

അനിമേഷൻ വിഭാഗത്തിൽ പങ്കെടുക്കുന്ന കുട്ടികൾ 'ഓപ്പൺ ടൂൺസ്' സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലിപ് സിങ്കിംഗ്, സ്പെഷ്യൽ ഇഫക്ട്സ് തുടങ്ങിയവ ഉൾപ്പെടുത്തി ഷോർട്ട് ഫിലിമുകൾ നിർമ്മിക്കും. 'ബ്ലെൻഡർ' സോഫ്റ്റ്‌വെയറിലൂടെ ത്രിമാന മോഡലുകൾ തയ്യാറാക്കാനും പരിശീലനം നൽകും

റോബോട്ടിക്സും കാലാവസ്ഥാ പ്രവചനവും

#താപനില, അന്തരീക്ഷ മർദ്ദം, കാറ്റിന്റെ വേഗത, ഈർപ്പം തുടങ്ങിയവ വിശകലനം ചെയ്ത് കാലാവസ്ഥ പ്രവചിക്കുന്നതിനുള്ള പ്രോട്ടോടൈപ്പുകൾ കുട്ടികൾ നിർമ്മിക്കും.

# കൈറ്റ് നൽകിയ റോബോട്ടിക് കിറ്റിലെ എൽ.ഡി.ആർ. സെൻസർ, സെർവോ മോട്ടോർ, ആർഡിനോ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മാണം.

# കാറ്റിന്റെ ശക്തി അളക്കുന്നതിനുള്ള ഡിജിറ്റൽ അനിമോമീറ്റർ, ദിശ അറിയാനുള്ള വിൻഡ് വെയ്ൻ എന്നിവയും കുട്ടികൾ നിർമ്മിക്കും.

``ചലിക്കുന്ന റോബോട്ടുകൾ മുതൽ സ്മാർട്ട് കാലാവസ്ഥാ കേന്ദ്രങ്ങൾ വരെ സജ്ജമാക്കാനുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ജനുവരി മുതൽ എല്ലാ സ്കൂളുകളിലും ലഭ്യമാക്കും.``

-കെ. അൻവർ സാദത്ത്

കൈറ്റ് സി.ഇ.ഒ.