ഭാര്യയുടെ സത്യപ്രതിജ്ഞ കാണാൻ മന്ത്രി അനിൽ
Sunday 28 December 2025 1:22 AM IST
കൊല്ലം: ഭാര്യ ഡോ. ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ മന്ത്രി ജി.ആർ. അനിലുമെത്തി. മകൾ അഡ്വ. എ.എൽ. ദേവികയും കൊച്ചുമകൾ അനുഗ്രഹ വേദയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാവിലെ തിരുവനനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിന്നാണ് മന്ത്രിയും കുടുംബവും കൊല്ലത്ത് എത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ജില്ലാ പഞ്ചായത്തിലെ അതിഥിമുറിയിൽ കാത്തിരുന്ന അദ്ദേഹം ഫലം വന്നപ്പോൾ ഭാര്യയെ അഭിനന്ദിച്ചു. തുടർന്ന് നടന്ന അനുമോദന യോഗത്തിലും പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ചുമതലയുണ്ടായിരുന്നതിനാൽ കൊല്ലം ചടയമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച ലതാദേവിയുടെ പ്രചാരണത്തിന് എത്താൻ അനിലിന് കഴിഞ്ഞിരുന്നില്ല.