സിദ്ധ മെഡിക്കൽ അസോ. പത്താം വാർഷിക സമ്മേളനം
കൊല്ലം: സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനവും 9-ാമത് സിദ്ധ ദിനാഘോഷവും തിരുവനന്തപുരം തമ്പാനൂർ ഹോട്ടൽ കോർഡിയൽ സോപാനത്തിൽ ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിദ്ധ വൈദ്യശാസ്ത്രത്തിലെ വിദഗ്ദ്ധ ചികിത്സകൾ സമൂഹത്തിൽ കൂടുതലായി ലഭിക്കേണ്ടത് പുതിയ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ഡോ. സി. മിഥുൻ അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സിദ്ധയിലെ നൂതന മാറ്റങ്ങളെക്കുറിച്ചും ഗവേഷണ സാദ്ധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ സിദ്ധ വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരായ ഡോ. കെ. ജഗന്നാഥൻ, ഡോ. വി.ബി. വിജയകുമാർ എന്നിവരെയും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ജഗദീശനെയും ആദരിച്ചു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. പി.ആർ. സജി, അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. എ. സ്മിത, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമ്നി കോ-ഓർഡിനേറ്റർ ഡോ. എസ്.എൽ. പ്രകാശ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സി.എം.ഇ സെഷനുകൾക്ക് എ.വി.എൻ ആയുർവേദ ഫോർമുലേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ആദിത്യ പീതാംബര പണിക്കർ, മേട്ടൂർ എ.വി.പി സിദ്ധ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. എ.വി.പി. വിജയ് കുമാർ എന്നിവർ നേതൃത്വം നൽകി. സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. അഭിൽ മോഹൻ സ്വാഗതവും ട്രഷറർ ഡോ. രോഹിണി എസ്.കൃഷ്ണൻ നന്ദിയും പറഞ്ഞു.നൂറിലധികം സിദ്ധ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുത്തു.