ജി.സുധാകരനെ അധിക്ഷേപിച്ച പാർട്ടി അംഗം പുറത്തായി

Sunday 28 December 2025 1:28 AM IST

അമ്പലപ്പുഴ: മുൻ മന്ത്രി ജി.സുധാകരനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ലോക്കൽ കമ്മിറ്റി അംഗത്തെ സി.പി.എം പുറത്താക്കി. അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗം മിഥുനെതിരെയാണ് നടപടി. അമ്പലപ്പുഴ ക്ഷേത്രത്തിലെ ജീവനക്കാരൻ കൂടിയായ മിഥുൻ,​ രണ്ട് മാസം മുമ്പാണ് സമൂഹമാദ്ധ്യമത്തിൽ അധിക്ഷേപക്കുറിപ്പിട്ടത്. ജി.സുധാകരൻ പാർട്ടിക്ക് പരാതി നൽകിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരെയും മിഥുൻ പോസ്റ്റിട്ടിരുന്നു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ച ജി.സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെയാണ് മിഥുൻ അധിക്ഷേപക്കുറിപ്പിട്ടത്. സുധാകരന്റെ പരാതിയെത്തുടർന്ന് മിഥുനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.