രാജീവ് ചന്ദ്രശേഖറിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല: രമേശ് ചെന്നിത്തല

Sunday 28 December 2025 1:28 AM IST

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുഖ്യമന്ത്രി നിൽക്കുന്ന ചിത്രം പങ്കുവച്ചതിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രമണ്യനെ അറസ്റ്റ് ചെയ്യാമെങ്കിൽ രാജീവ് ചന്ദ്രശേഖറിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. രാഷ്ട്രീയ പകപോക്കലാണ് കേസ്. ശബരിമല സ്വർണ്ണക്കവർച്ച വഴിമാറ്റാനാണ് അറസ്റ്റ്. ഓലപ്പാമ്പ് കാട്ടി കോൺഗ്രസുകാരെ പേടിപ്പിക്കരുത്. സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തതു കൊണ്ട് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കില്ലെന്ന തെറ്റിദ്ധാരണ വേണ്ട.

പോറ്റി സോണിയാഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമ്മയുള്ളു. പോറ്റി മുഖ്യമന്ത്രിയുടെ കയ്യിലേക്ക് ആംബുലൻസിന്റെ താക്കോൽ കൊടുക്കുന്നത് കണ്ടതല്ലേ. കോൺഗ്രസ് നേതാക്കൻമാരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നതിനെതിരെ പൊലീസ് നടപടിയില്ല. സി.പി.എം സൈബർ സഖാക്കൾക്കെതിരെ പരാതി കൊടുത്താൽ പോലും നടപടിയില്ല. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും ഫേസ്ബുക്ക് പോസ്റ്റിട്ടാൽ കലാപാഹ്വാനത്തിന് കേസെടുക്കും. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.