പണം തിരിമറി: കെ.ടി.ഡി.സി ഹെൽപ്പറുടെ കുറ്റം ശരിവച്ചു
കൊച്ചി: രേഖകളിൽ കൃത്രിമം കാട്ടി സാമ്പത്തിക തിരിമറി നടത്തിയെന്ന കേസിൽ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഹെൽപ്പറുടെ കുറ്റം ശരിവച്ച് ഹൈക്കോടതി. കോഴിക്കോട് വേങ്ങേരി കുന്നുമ്മേൽ പറമ്പിൽ രാമചന്ദ്രൻ കുറ്റക്കാരനാണെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വിധിച്ചത്. അതേസമയം വിചാരണക്കോടതി വിധിച്ചിരുന്ന മൂന്നു വർഷം തടവുശിക്ഷ ഹൈക്കോടതി രണ്ടു വർഷമായി കുറച്ചു. രണ്ടു ലക്ഷത്തിലധികം രൂപ പിഴയും നൽകണം. വിജിലൻസ് സ്പെഷ്യൽ കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതി സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്.
കോഴിക്കോട് മലബാർ മാൻഷൻ ഹോട്ടലിലെ ഹെൽപ്പറായിരുന്ന ഹർജിക്കാരൻ അക്കൗണ്ടന്റിന്റെ ഒത്താശയോടെ 2001ൽ 1,76,000 രൂപയും 2002ൽ 2,60,000 രൂപയും തിരിമറി നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ഹോട്ടലിലെ വരുമാനം ബാങ്കിൽ നിക്ഷേപിക്കാൻ ഹെൽപ്പറെയാണ് അക്കൗണ്ടന്റ് ഏൽപ്പിച്ചിരുന്നത്. പേ ഇൻ സ്ലിപ്പ് പ്രകാരമുള്ള തുകയിൽ കുറച്ചു പണം മാത്രം നിക്ഷേപിച്ച ശേഷം കൗണ്ടർ ഫോയിൽ തിരുത്തിയായിരുന്നു തിരിമറി. ഒന്നാം പ്രതിയായ അക്കൗണ്ടന്റ് വിചാരണയ്‌ക്കിടെ മരിച്ചു. വിജിലൻസിനു വേണ്ടി സ്‌പെഷ്യൽ ഗവ. പ്ലീഡർ എ. രാജേഷ്, സീനിയർ ഗവ. പ്ലീഡർ എസ്. രേഖ എന്നിവർ ഹാജരായി.