കേരള സർവകലാശാല പുതിയ രജിസ്ട്രാർക്ക് ചുമതലയേൽക്കാനായില്ല

Sunday 28 December 2025 1:35 AM IST

സിൻഡിക്കേറ്റ് തീരുമാനത്തിൽ ഗവർണർ വിശദീകരണം തേടി

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ആർ.രശ്മിയെ മാറ്റി പകരം സിൻഡിക്കേറ്റിനെ നിയമിക്കാൻ തീരുമാനിച്ച ഒപ്ടോ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസർ ഡോ.സാം സോളമന് ചുമതലയേൽക്കാനായില്ല. സാം സോളമൻ അധ്യാപകരുടെ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെനറ്റ് പ്രതിനിധി ആയതിനാൽ രജിസ്ട്രാറുടെ ചുമതല വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ബി.ജെ.പി സിൻഡിക്കേറ്റ് അംഗം പി.എസ്.ഗോപകുമാർ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതിൽ ഗവർണർ സർവകലാശാലയോട് വിശദീകരണം തേടി.

അധ്യാപക പ്രതിനിധിയായ ഡോ.സാം സെനറ്റ് അംഗത്വം ഉപേക്ഷിക്കുന്നുവെങ്കിൽ മാത്രമേ ചുമതല നൽകുന്നത് പരിഗണിക്കാനാവു എന്ന നിലപാടാണ് വിസി സ്വീകരിച്ചത്. സിൻഡിക്കേറ്റ് തീരുമാനിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം സെനറ്റ് അംഗത്വം ഉപേക്ഷിച്ചതായി അറിയിക്കേണ്ടതായി വരും. പുതിയ രജിസ്ട്രാർ ചുമതലയേൽക്കുന്നത് വരെ നിലവിലെ ജോയിന്റ് രജിസ്ട്രാറോട് ചുമതലയിൽ തുടരാൻ വി.സി നിർദ്ദേശം നൽകി.

അതേസമയം, രജിസ്ട്രാർ പദവിയിൽ നിന്ന് സ്വയം വിടുതൽ ചെയ്ത് ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പലായി ചുമതയെടുത്ത ഡോ.കെ.എസ്.അനിൽകുമാറിന് പകരം സ്ഥിരം രജിസ്ട്രാറായി നിയമിക്കാനുള്ള നടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.