അറസ്റ്റ് കാണിച്ച് പേടിപ്പിക്കേണ്ട: സതീശൻ

Sunday 28 December 2025 1:35 AM IST

കൊച്ചി: മുഖ്യമന്ത്രിയോടൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രത്തിന്റെ പേരിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്ത് തങ്ങളെ പേടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഏകാധിപതിയായ ഭരണാധികാരിയുടെ നടപടിയാണിത്. പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ്യമന്ത്രിയുടെ പടം എല്ലാവരും സമൂഹമാദ്ധ്യമങ്ങളിൽ ഇടാനാണ് തീരുമാനം. വീഡിയോ എല്ലാ മാദ്ധ്യമങ്ങളിലും വന്നു. പോറ്റിയെ മുഖ്യമന്ത്രി കണ്ടില്ലെന്നു പറഞ്ഞത് എം.വി. ഗോവിന്ദൻ മാത്രമാണ്. സോണിയ ഗാന്ധിക്കെതിരെ വ്യാപകമായി സി.പി.എം കള്ളപ്രചാരണം നടത്തിയതിന് മറുപടിയായാണ് ചിത്രം പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്നതിനേക്കാൾ എളുപ്പമാണ് സോണിയ ഗാന്ധിക്കൊപ്പം ഫോട്ടോ എടുക്കാൻ. കേസുകളൊക്കെ വരുന്നതിന് മുമ്പാണിത്. പൊലീസ് ജീപ്പിന് ബോംബ് എറിഞ്ഞതിന് 20 വർഷത്തേക്ക് കോടതി ശിക്ഷിച്ച സി.പി.എം നേതാവിനെ ജയിലിലെത്തി ഒരു മാസം തികയും മുമ്പ് പരോളിൽ വിട്ട സർക്കാരാണിത്. അയ്യപ്പന്റെ സ്വർണം കവർന്ന കേസിൽ രണ്ട് സി.പി.എം നേതാക്കൾ ജയിലിലാണ്. അവർക്കെതിരെ സി.പി.എം എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും സതീശൻ പറഞ്ഞു.