പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ലാലി ജെയിംസ്

Sunday 28 December 2025 1:35 AM IST

തൃശൂർ: കെ.പി.സി.സി തീരുമാനത്തെ സന്തോഷപൂർവം സ്വീകരിക്കുന്നുവെന്ന് കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസ്. സസ്‌പെൻഷനെ ഭയപ്പെടുന്ന ആളല്ല ഞാൻ. മരണംവരെ ഉറച്ച കോൺഗ്രസുകാരിയായിരിക്കും. ഓർമ്മ അവശേഷിക്കും വരെ പാർട്ടിയിൽ തുടരും. കഴിഞ്ഞ ദിവസമാണ് പാർട്ടി നേതൃത്വത്തെ വിമർശിച്ചതിനെത്തുടർന്ന് ലാലി ജെയിംസിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

തന്റെ ഭാഗം കേൾക്കാനോ വിശദീകരണം ചോദിക്കാനോ തയ്യാറാകാതെ രാത്രി വൈകി ഇരുട്ടിന്റെ മറവിൽ എടുത്ത തീരുമാനമാണിത്. സസ്‌പെൻഡ് ചെയ്യാനും തിരിച്ചെടുക്കാനും പാർട്ടിക്ക് അവകാശമുണ്ടെങ്കിലും നീതിപൂർവമായ നടപടിയല്ല ഉണ്ടായത്. കോൺഗ്രസുകാരിയായി തുടരാൻ പ്രത്യേക അംഗത്വത്തിന്റെ ആവശ്യമില്ല. മേയർ നിജി ജസ്റ്റിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. പാർട്ടിയിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ മറ്റ് മുന്നണികളിലേക്കോ പാർട്ടികളിലേക്കോ ചേക്കേറുന്ന സ്വഭാവം തനിക്കില്ലെന്നും അവർ പറഞ്ഞു. തൃശൂർ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതരമായ ആരോപണവുമായി ലാലി ജെയിംസ് രംഗത്തെത്തിയത്.