കർണാടകയിലെ ബുൾഡോസർ നടപടി വിശദീകരണം തേടി എ.ഐ.സി.സി

Sunday 28 December 2025 1:38 AM IST

ബംഗളൂരു: കർണാടകയിൽ ബുൾ‌ഡോസർ ഉപയോഗിച്ച് 300ഓളം വീടുകൾ ഇടിച്ചുനിരത്തിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇടപെട്ട് കോൺഗ്രസ് നേതൃത്വം. കർണാടക സർക്കാരിൽ നിന്ന് എ.ഐ.സി.സി വിശദീകരണം തേടി. എ.ഐ.സ.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിൽ നിന്ന് വിശദീകരണം തേടിയത്. കൈയേറ്റ സ്ഥലമാണ് ഒഴിപ്പിച്ചതെന്നും നടപടികൾ പാലിച്ചാണ് ഇത് നടത്തിയതെന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. അതിനിടെ വിവാദം ശക്തമായതോടെ കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ നിർമ്മിച്ച് നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. 200 ഫ്ളാറ്റുകളടങ്ങിയ സമുച്ചയം നിർമ്മിച്ച് നൽകാനാണ് ആലോചന.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ബംഗളൂരു യെലഹങ്കയിൽ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്. 3000ത്തോളം പേർ തെരുവിലായി.

മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവുമടക്കം രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെ കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് പിണറായി വിജയന് ശിവകുമാർ മറുപടി നൽകി.