ഐഎഎസ് പദവിയിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു; ഷെയ്‌ക് പരീതിന് പ്രായം 67, സേവന കാലാവധി നീട്ടിനൽകി സർക്കാർ

Sunday 28 December 2025 7:44 AM IST

തിരുവനന്തപുരം: ഐഎഎസ് പദവിയിൽ നിന്ന് വിരമിച്ച ഷെയ്‌ക് പരീതിന് തീരദേശ വികസന കോർപ്പറേഷൻ എംഡി സ്ഥാനത്ത് തുടരുന്നതിനുള്ള കാലാവധി സർക്കാർ വീണ്ടും നീട്ടി. ജോലിയിൽ നിന്ന് വിരമിച്ചിട്ടും ഐഎഎസ് ഉദ്യോഗസ്ഥർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ തുടരുന്നത് പതിവാണ്. പരമാവധി 65 വയസാണ് പ്രായപരിധി. എന്നിട്ടും ഷെയ്‌ക് പരീതിന്റെ കാര്യത്തിൽ ഈ നിബന്ധന സംസ്ഥാന സർക്കാർ ആവർത്തിച്ച് തിരുത്തുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിയായിരിക്കാൻ 65 വയസാണ് പ്രായപരിധി. എന്നാൽ ഷെയ്‌ക് പരീതിന് ഇപ്പോൾ 67 വയസാണ് പ്രായം. ഷെയ്‌ക് പരീതിന്റെ ആവശ്യപ്രകാരമാണ് സർക്കാർ അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. തീരദേശ വികസന കോർപറേഷൻ വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും താൻ എംഡി സ്ഥാനത്ത് നിന്ന് മാറിയാൽ ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പ് തടസപ്പെടുമെന്നുമാണ് ഷെയ്‌ക് പരീതിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് മന്ത്രിസഭാ യോഗം ഷെയ്‌ക് പരീതിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. ഡിസംബർ 19നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 2018 ലാണ് ആദ്യമായി ഷെയ്‌ക് പരീത് എംഡിയായി ചുമതലയേല്‍ക്കുന്നത്. പിന്നീട് ഓരോ വര്‍ഷവും സേവന കാലാവധി നീട്ടി നല്‍കുകയായിരുന്നു.