21 മണിക്കൂർ നീണ്ട തിരച്ചിൽ വിഫലം; ചിറ്റൂരിൽ കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Sunday 28 December 2025 9:23 AM IST

പാലക്കാട്: ചി​റ്റൂരിൽ ഇന്നലെ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള കുളത്തിന്റെ മദ്ധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ പരിസരത്ത് തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. ഫയർഫോഴ്‌സെത്തി മൃതദേഹം കരക്കെത്തിച്ചു. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് സങ്കടകരമായ വിവരം വന്നിരിക്കുന്നത്.മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അതെന്നും എന്നാൽ കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയതെന്നുമാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് പിതാവ് അനസ് വിദേശത്തുനിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

റോയൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയായ സുഹാന് മുൻപ് അപസ്മാരം ഉണ്ടായിട്ടുള്ളതായാണ് സൂചന. ഏറെനേരം ചുറ്റുപാടുകളിൽ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഫയർഫോഴ്സ് സ്‌കൂബ ടീം എത്തി പരിസരത്തെ കുളത്തിലും മറ്റും രാത്രിവരെ തിരച്ചിൽ നടത്തുകയായിരുന്നു. പാലക്കാട് നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രി എട്ട് മണിവരെയും ഒരു സൂചനയും ലഭിച്ചില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാത്രി വൈകിയും സ്ഥലത്തുണ്ടായിരുന്നു. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂളിലെ അദ്ധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.