പഞ്ചായത്ത് വാഹനം വേണമെന്ന് പ്രസിഡന്റ്, തരില്ലെന്ന് സെക്രട്ടറി; തിരുവനന്തപുരത്ത് നടുറോഡിൽ നാടകീയ രംഗങ്ങൾ

Sunday 28 December 2025 10:33 AM IST

തിരുവനന്തപുരം: പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടുറോഡിൽ പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ വാക്കേറ്റം. ഇന്നലെ വെെകിട്ട് ആറിന് വെള്ളനാട് കുളക്കോട് ജംഗ്ഷനിലാണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വെെസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് രേഖകൾ കളക്ടറേറ്റിൽ എത്തിച്ചശേഷം അഞ്ച് മണിയോടെ പഞ്ചായത്ത് വാഹനം തിരിച്ചു വരികയായിരുന്നു.

ഈ സമയം പുതിയ പ്രസിഡന്റ് വെള്ളനാട് ശശി കുളക്കോടുവച്ച് കെെകാണിച്ച് വാഹനം നിർത്തിച്ചു. അരുവിക്കരയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകണമെന്നും വാഹനം നൽകണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഓഫീസ് സമയം കഴിഞ്ഞ് വാഹനം ഓടിക്കാൻ കഴിയൂവെന്ന് ഡ്രെെവർ നന്ദൻ പറഞ്ഞു. ഇതിനിടെ ശശി വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സെക്രട്ടറി താക്കോൽ ചോദിച്ചെങ്കിലും പ്രസിഡന്റ് താക്കോൽ നൽകിയില്ല. തുടർന്ന് പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ വെള്ളനാട്ടെ സിപിഎം നേതാക്കളും ആര്യനാട് പൊലീസും സ്ഥലത്തെത്തി. ശശിയുമായി സംസാരിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. തുടർന്ന് എസ്എച്ച്ഒ സി. ഐ. ശ്യാംരാജ് ജെ നായർ പ്രസിഡന്റിനെ വാഹനത്തിൽ വീട്ടിലെത്തിച്ചു. ഇതിനുശേഷം വാഹനം പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റി.