രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം, ആദ്യ രാത്രിക്ക് മുമ്പ് വരന്റെ തുറന്നുപറച്ചിൽ; 24 മണിക്കൂറിൽ ഡിവോഴ്സ്

Sunday 28 December 2025 10:53 AM IST

പൂനെ: രണ്ട് ജീവിതങ്ങൾ ഒന്നിക്കുന്ന അസുലഭ മുഹൂർത്തമെന്ന് വേണമെങ്കിൽ വിവാഹത്തെ നമുക്ക് വിളിക്കാം. മിക്കയാളുകളുടെയും ജീവിതത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്നതാണ് വിവാഹം. എന്നാൽ പൂനെയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ ആഘോഷം എല്ലാവരെയും സങ്കടത്തിലാഴ്ത്തും. രണ്ട് വർഷം പ്രണയിച്ചതിന് ശേഷം ഒന്നിക്കാമെന്ന് തീരുമാനമെടുത്ത ദമ്പതികൾ വിവാഹം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ വേർപിരിഞ്ഞു. വിവാഹത്തിന് ശേഷം ഉയർന്ന അഭിപ്രായ വ്യത്യാസങ്ങളാണ് അപ്രതീക്ഷിതമായി നടന്ന സംഭവത്തിന് കാരണം.

രണ്ട് വർഷത്തോളം പ്രണയിച്ച്, മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഇരുവരും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. വരൻ എഞ്ചിനിയറും വധു ഡോക്ടറുമാണ്. ജീവിത സാഹചര്യത്തെക്കുറിച്ച് ദമ്പതികൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു, അതിനാൽ ഈ വിഷയത്തിൽ പരസ്പര ധാരണയിലെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇവർ തമ്മിലുള്ള ആശയപരമായ വ്യത്യാസങ്ങൾ വളരെ ആഴത്തിലുള്ളതായിരുന്നുവെന്നും അതിനാൽ ഉടൻ തന്നെ വേർപിരിയാൻ അവർ തീരുമാനിച്ചതായും കേസ് കൈകാര്യം ചെയ്ത അഭിഭാഷക റാണി സോനാവാനെ പറഞ്ഞു.

'ഈ കേസിൽ അതിക്രമമോ, ക്രിമിനൽപരമായ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. നിയമപരമായ നടപടിക്രമങ്ങൾ ശാന്തമായി പിന്തുടരാൻ രണ്ട് വ്യക്തികളും തീരുമാനിക്കുകയും പരസ്പര സമ്മത്തോടെ വിവാഹബന്ധം അവസാനിപ്പിക്കുകയും ചെയ്തു'- അഭിഭാഷക പറഞ്ഞു. നടപടിക്രമങ്ങളുടെ വേഗതയിലെ അസാധാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയിലെ വിവാഹമോചന കേസുകൾ പലപ്പോഴും വളരെക്കാലം കെട്ടിക്കിടക്കുന്നതായി സോനാവാനെ ചൂണ്ടിക്കാട്ടി. ഈ കേസിൽ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടു. വിവാഹത്തിന്റെ അടുത്ത ദിവസം മുതൽ ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയെന്നും അവർ വ്യക്തമാക്കി.

'ഇരുവരും തമ്മിൽ പ്രണയ വിവാഹമായിരുന്നു. രണ്ട് മൂന്ന് വർഷത്തെ പരിചയം അവർ തമ്മിലുണ്ട്. താൻ ഒരു കപ്പലിൽ ജോലി ചെയ്യുന്നുവെന്നും എപ്പോൾ, എവിടെ നിയമിക്കപ്പെടുമെന്നോ എത്ര കാലം ദൂരെയായിരിക്കുമെന്നോ വ്യക്തമാക്കാൻ കഴിയില്ലെന്ന് ആദ്യ രാത്രിക്ക് മുമ്പ് ഭർത്താവ് ഭാര്യയെ അറിയിച്ചു. അനിശ്ചിതമായ ജീവിത രീതി ഉടലെടുക്കുമെന്ന് തോന്നിയതോടെ വേർപിരിയലാണ് ഏറ്റവും നല്ല മാർഗമെന്ന് ഇരുവരും തീരുമാനമെടുത്തു. ഇത്തരം കേസുകളിൽ ബാധകമായ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. വിവാഹത്തിന് മുമ്പ് എന്തുകൊണ്ട് ഇവർ ഇക്കാര്യം ചർച്ച ചെയ്തില്ലെന്ന കാര്യം എന്നിൽ ആശ്ചര്യമുണ്ടാക്കിയെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.