'ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി, ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി?' രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം പ്രതികരിച്ചു. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ.
'കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി. ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റിയെന്ന് ഇപ്പോൾ തന്നെ ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു. ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി. മേയറും ബിജെപി സംസ്ഥാന അദ്ധ്യക്ഷനും ഇതിന് മറുപടി പറയണം. ഔദ്യോഗിക ജീവിതത്തിലുടനീളം അവർ വച്ചുപുലർത്തിയ ജനവിരുദ്ധതയുടെ തുടർച്ചയായിട്ട് മാത്രം ഇതിനെ കണ്ടാൽ മതി. ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി. ഏഴ് വർഷമായിട്ട് ആ മണ്ഡലത്തിലെ എംഎൽഎ നിയമാനുസൃതമായാണ് വാടകയ്ക്കെടുത്ത് ഓഫീസ് നടത്തുന്നത്. ആ ഓഫീസ് ഒഴിഞ്ഞേക്കണമെന്ന് പറയാനുള്ള അഹങ്കാരം ശ്രീലേഖയ്ക്ക് എവിടെ നിന്ന് കിട്ടി'- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ശ്രീലേഖയുടെ പുതിയ ആവശ്യത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വി കെ പ്രശാന്ത് എംഎൽഎ പ്രതികരിച്ചത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. എന്നാൽ നിയമസഭ കാലാവധി കഴിയുംവരെ ഓഫീസ് തുടരാൻ പത്ത് മാസം മുമ്പ് തന്നെ കോർപറേഷന് കത്ത് നൽകിയിരുന്നതായി പ്രശാന്ത് മറുപടിയും നൽകിയിട്ടുണ്ട്.