'താമരയിൽ വിരിഞ്ഞ് കൈപ്പത്തി'; മറ്റത്തൂരിലെ ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ പരിഹസിച്ച് ഡിവൈഎഫ്ഐ
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപി സഖ്യം രൂപീകരിച്ച സംഭവത്തിൽ പരിഹാസവുമായി ഡിവൈഎഫ്ഐ. പഞ്ചായത്തിന് മുന്നിൽ താമരയിൽ കൈപ്പത്തി ചിഹ്നമുള്ള ഫ്ലക്‌സ് വച്ചാണ് ഡിവൈഎഫ്ഐ പരിഹസിച്ചത്. പുതിയ സഖ്യത്തിനെ കോൺഗ്രസ് ജനതാ പാർട്ടിയെന്നും ഫ്ലക്‌സിൽ കളിയാക്കുന്നുണ്ട്. കോൺഗ്രസ് എന്ന് ഇംഗ്ലീഷിൽ എഴുതുന്ന സ്‌പെല്ലിംഗിലെ 'ഇ' മാറ്റി 'Cong RSS' എന്നും ഫ്ലക്‌സിൽ എഴുതിയിട്ടുണ്ട്.
മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങളാണ് പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചത്. ഇതേ തുടർന്ന് സഖ്യം രൂപീകരിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ് ഡിസിസി. എട്ട് കോൺഗ്രസ് നേതാക്കളെയും രണ്ട് വിമതരെയും സസ്പെൻഡ് ചെയ്‌തു. ഡിസിസി ജനറൽ സെക്രട്ടറി ടിഎം ചന്ദ്രൻ , മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ അടക്കമുള്ളവർക്കെതിരെയാണ് നടപടി.