പത്തനംതിട്ടയിൽ സ്ത്രീകൾ തമ്മിൽ തെരുവിൽ അടിപിടി; ഏറ്റുമുട്ടൽ മദ്യപിച്ചിട്ടെന്ന് നാട്ടുകാർ

Sunday 28 December 2025 12:55 PM IST

പത്തനംതിട്ട: നഗരമദ്ധ്യത്തിൽ മദ്യപിച്ച് ഇതരസംസ്ഥാനക്കാരായ സ്ത്രീകൾ നടുറോഡിൽ തമ്മിൽത്തല്ലി. ഇന്നലെ രാത്രി പത്തനംതിട്ട കണ്ണംകരയിലായിരുന്നു നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി സംഘർഷം അരങ്ങേറിയത്. മദ്യലഹരിയിലായ സ്ത്രീകൾ പരസ്പരം ആക്രമിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രധാന മേഖലയായ കണ്ണംകരയിലാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇവിടെ അവധി ദിവസങ്ങളിൽ മദ്യപിച്ചുള്ള അടിപിടി പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപ് പുരുഷന്മാർക്കിടയിലായിരുന്നു സംഘർഷമെങ്കിൽ ഇപ്പോൾ സ്ത്രീകളും സമാനമായ രീതിയിൽ പ്രശ്നമുണ്ടാക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.

സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ വിവരം പത്തനംതിട്ട പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കി. കണ്ണംകര മേഖലയിൽ ലഹരി ഉപയോഗവും തുടർന്നുള്ള സംഘർഷങ്ങളും നിത്യസംഭവമായി മാറുകയാണ്. പലപ്പോഴും ഇടപെടാൻ ഭയമാണെന്നും പൊലീസിന്റെ കർശനമായ നിരീക്ഷണം ഭാഗത്ത് വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അവധി ദിവസങ്ങളിൽ പ്രത്യേക പട്രോളിംഗ് വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.