പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട രാജ്യം; 2025ൽ ഏറ്റവും അധികം ഇന്ത്യൻ പൗരന്മാരെ പുറത്താക്കിയതും ഇതേ രാജ്യം
ന്യൂഡൽഹി: കുടിയേറ്റ വിരുദ്ധ നയങ്ങൾ നിരന്തരം നടപ്പിലാക്കുന്നതിന്റെ പേരിലും വിദേശികളെ നാടുകടത്തുന്നതിന്റെ പേരിലും ഏറ്റവും അധികം പറഞ്ഞുകേൾക്കാറുള്ള പേരാണ് അമേരിക്ക. എന്നാൽ, 2025 ൽ ഏറ്റവും അധികം ഇന്ത്യക്കാരെ പുറത്താക്കിയത് മറ്റൊരു രാജ്യമാണ്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് 2025ൽ ഏറ്റവും അധികം ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയത് സൗദി അറേബ്യയയാണ്. ഈ വർഷം ഏകദേശം 7019 പൗരന്മാരെയാണ് സൗദി അറേബ്യയിൽ നിന്നും നാടുകടത്തിയത്.
ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ സമർപ്പിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ൽ അധികം ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്. സൗദി അറേബ്യയാണ് ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത് . മ്യാൻമർ (1,591), യുഎഇ (1,469), ബഹ്‌റൈൻ (764), മലേഷ്യ (1,485), തായ്‌ലൻഡ് (481), കംബോഡിയ (305) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കണക്കുകൾ. അതേസമയം, ഏറ്റവും അധികം ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തപ്പെട്ടത് യുകെയിൽ നിന്നാണ് (170). ഓസ്‌ട്രേലിയ (114), റഷ്യ (82), യുഎസ് (45) എന്നീ രാജ്യങ്ങൾ തൊട്ടുപിന്നിലുണ്ട്.
കർശനമാക്കിയ കുടിയേറ്റ- തൊഴിൽ നിയമങ്ങളാണ് 2025ൽ ഇത്രയധികം ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ കാരണമായത്. അനധികൃത കുടിയേറ്റത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ശക്തമായ നടപടികൾ സ്വീകരിച്ചതും ഇതിൽ ഒരു വലിയ പങ്ക് വഹിക്കുന്നു. രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാർക്കെതിരായ നടപടികളും കർശനമായ നാടുകടത്തൽ നടപടികളും ഇതിൽ ഉൾപ്പെടുന്നു.
2024ൽ സൗദി അറേബ്യയിൽ നിന്ന് 9,206 നാടുകടത്തലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2021 മുതൽ 2023 വരെ 30,650 ഇന്ത്യക്കാരെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി. യുഎസിന്റെ കണക്കെടുത്താൽ 2021 മുതൽ 2023 വരെ 2,284 നാടുകടത്തലുകളാണ് നടന്നിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഈ വർഷം ഇതുവരെ 3,414 ഇന്ത്യക്കാരെ യുഎസിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്.